കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും മറ്റ് ചടങ്ങുകളിലും നിലവിലുള്ളതിലും കൂടുതൽ അകമ്പടി ആനകളെ അനുവദിക്കേണ്ടെന്ന സർക്കാർ ഉത്തരവ് പാലിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന ആന ചരിഞ്ഞ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ സ്വദേശി പി.പ്രേമകുമാർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ നിർദേശം. ആനയെഴുന്നള്ളത്തിന് കേരള നാട്ടാന പരിപാലനചട്ടത്തിൽ പറയുന്ന വ്യവസ്ഥകൾ പാലിക്കാൻ സിംഗിൾബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. മൂന്നുവർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള പാപ്പാനെ നിയോഗിക്കണം, ആനകൾക്കെതിരായ പീഡനങ്ങൾ പരിശോധിക്കാൻ ജില്ലാകളക്ടർ അദ്ധ്യക്ഷനായ സമിതികൾ വേണം എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ചട്ടത്തിലുള്ളത്.
ഉത്സവങ്ങളിൽ പതിവനുസരിച്ചുള്ള ആനകളെ എഴുന്നള്ളിക്കാൻ മാത്രമേ അനുമതി നൽകൂവെന്നും കൂടുതൽ ആനകളെ വേണമെങ്കിൽ ചെലവ് കമ്മിറ്റിക്കാർ വഹിക്കണമെന്നും 1998 ഒക്ടോബർ 22ലെ ഉത്തരവിൽ പറയുന്നു. പതിവിൽ കൂടുതൽ ആനകളെ അകമ്പടിക്കായി അനുവദിക്കില്ലെന്നാണ് 2000 ഒക്ടോബർ 23ലെ ഉത്തരവിൽ പറയുന്നത്.