ജനപ്രിയ ആക്സി ഇൻഫിനിറ്റി ഓൺലൈൻ ഗെയിമുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്ലോക്ക്ചെയിൻ നെറ്റ് വർക്കിൽ നിന്ന് 600 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി മോഷ്ടിച്ചത് ഉത്തര കൊറിയൻ ഹാക്കിംഗ് ഗ്രൂപ്പായ ലാസറസ് ആണെന്ന് കണ്ടെത്തി യുഎസ്. ഉത്തരകൊറിയയുമായി ബന്ധമുള്ള ലാസറസ് ഗ്രൂപ്പും എപിടി38 എന്ന ഹാക്കിംഗ് സംഘടനകളുമാണ് മോഷണത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എഫ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം മോഷണങ്ങൾ ഉത്തരകൊറിയൻ ഭരണകൂടത്തിന് വരുമാനം ഉണ്ടാക്കുമെന്നും ബ്യൂറോ കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ, പണക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ കിം ജോങ് ഉന്നിന്റെ ഭരണത്തെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഉപരോധം ഏർപ്പെടുത്തുമെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
യുണൈറ്റഡ് നേഷൻസ് പാനലും പുറത്തുനിന്നുള്ള സൈബർ സുരക്ഷാ വിദഗ്ധരും പറയുന്നതനുസരിച്ച് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ വർഷങ്ങളായി ഉത്തരകൊറിയൻ ഭരണകൂടത്തിന് ഒരു പ്രധാന വരുമാന സ്രോതസ്സാണ്. വമ്പന്‍ ക്രിപ്‌റ്റോകറന്‍സി മോഷണവുമായി ഡിജിറ്റൽ ലോകത്തെതന്നെ ഹാക്കർമാർ ഞെട്ടിച്ചിരുന്നു. 600 മില്യൺ ഡോളറിന്റെ ക്രിപ്‌റ്റോ കറൻസികൾ ആണ് ഒറ്റ മോഷണത്തിൽ ഹാക്കർമാർ കൊണ്ടുപോയത്. ജനപ്രിയ ആക്സി ഇൻഫിനിറ്റി ഓൺലൈൻ ഗെയിമുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്ലോക്ക്ചെയിൻ നെറ്റ് വർക്കിലാണ് ഹാക്കിങ് നടന്നത്.
ലോകം കണ്ട ഏറ്റവും വലിയ ക്രിപ്‌റ്റോ ആക്രമണങ്ങളിലൊന്നായിരുന്നു മാര്‍ച്ച് 23-ന് നടന്ന ഈ കവര്‍ച്ച. ഓൺലൈൻ ഗെയിം ആയ ആക്സി ഇൻഫിനിറ്റിയുടെ നിർമതാക്കളായ സ്‌കൈ മാവിസ് പ്രവർത്തിപ്പിക്കുന്ന നോഡുകൾ എന്നറിയപ്പെടുന്ന കമ്പ്യൂട്ടറുകളിലും, ബ്രിഡ്ജ് എന്ന് വിളിക്കപ്പെടുന്ന ടോക്കണുകളെ മറ്റൊരു നെറ്റ് വർക്കിൽ ഉപയോഗിക്കാൻ ആളുകളെ അനുവദിക്കുന്ന സോഫ്റ്റ് വെയറുമാണ് ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായത്.