ദോഹ : സമുദ്ര അതിർത്തി ലംഘിച്ച അഞ്ച് പേരെ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളിൽ കടലിൽ പോയവരാണ് ഖത്തർ അധികൃതരുടെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകളും പിടിച്ചെടുത്തു. രണ്ട് ബഹ്റൈൻ സ്വദേശികളും നാല് പ്രവാസികളുമാണ് അറസ്റ്റിലായത്. ഇവരെ തുടർ നടപടികൾക്കായി ഖത്തറിലെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി. പിടിയിലായവർക്കെതിരെ കോസ്റ്റ് ഗാർഡ് കമാന്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം സമുദ്ര അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് രണ്ട് ബഹ്റൈൻ പൗരന്മാരെയും നാല് പ്രവാസികളെയും അറസ്റ്റ് ചെയ്ത സംഭവത്തെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അപലപിച്ചു. ബഹ്റൈനി മത്സ്യത്തൊഴിലാളികളുടെയും നാവികരുടെയും അവകാശങ്ങൾ സംരക്ഷിക്കാനായി നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ബഹ്റൈൻ അധികൃതർ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.