തിരുവനന്തപുരം : രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കയാണ്. ചെയര്‍മാന്‍റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് അസോസിയേഷന്‍റെ നിലപാട്. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നേതാക്കളുമായും ചെയർമാനുമായും കൂടിക്കാഴ്ച നടത്തും.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വൈദ്യുതി ഭവന്‍ ഉപരോധമടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷന്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. കെഎസ്ഇബിയിലെ പ്രശ്നങ്ങൾ നീണ്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെയും ആവർത്തിച്ചിരുന്നു. കെഎസ്ഇബിയിലെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ച് കഴിഞ്ഞു. പ്രശ്നങ്ങൾ നീണ്ട് പോയാൽ അത് എല്ലാവർക്കും പ്രതിസന്ധി സൃഷ്ടിക്കും. കെഎസ്ഇബിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുടെ വളർച്ച കാണാതിരുന്നു കൂടാ.
മാനേജ്മെന്റോ യൂണിയനോ ആവശ്യപ്പെട്ടാൽ പ്രശ്ന പരിഹാരത്തിന് ഇടപെടും. തിങ്കളാഴ്ച്ച ഔദ്യോഗിക ചർച്ചയില്ല, കൂടിക്കാഴ്ച നടത്തും. ബോർഡ് തലത്തിൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിൽ സിഐടിയു (CITU) തന്നെ സമരം നയിക്കുന്നതിൻറ സമ്മർദ്ദത്തിലാണ് ഇടത് സർക്കാർ. ഘടകകക്ഷി മന്ത്രിമാർ ഭരിക്കുന്ന കെഎസ്ഇബിയിലും കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയിലും പ്രക്ഷോഭത്തിൻറെ മുൻനിരയിൽ സിപിഎം യൂണിയൻ നിൽക്കുന്നത് അസാധാരണ സാഹചര്യമാണ്.
യൂണിയനുകൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന രീതിയിൽ നിന്ന് മുഖ്യമന്ത്രി മാറിനീങ്ങുമ്പോൾ പ്രതിഷേധം രാഷ്ട്രീയമായി ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികത്തോട് അടുക്കുമ്പോൾ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കെഎസ്ഇബിയിലും കെഎസ്ആർടിസിയും വാട്ടർ അതിറ്റോറിയിലും സ്ഥിതി ഒട്ടും ശുഭകരമല്ല. ഘടകകക്ഷി മന്ത്രിമാർക്ക് കീഴിലെ സ്ഥാപനങ്ങളിൽ മുന്നിൽ കൊടി പിടിക്കുന്നത് ഇടത് തൊഴിലാളി സംഘടനായ സിഐടിയു ആണ്.
യൂണിയനുകളുടെ അമിത ഇടപടലുകൾക്കെതിരെ മുഖ്യമന്ത്രി നയരേഖ അവതരിപ്പിച്ചിരിക്കെയാണ് സ്ഥാപനങ്ങളെ സ്തംഭിപ്പിക്കും വിധമുള്ള പ്രതിഷേധത്തിന് സിപിഎം സംഘടന നേതൃത്വം നൽകുന്നത്. സാഹചര്യം കൂടുതൽ അസാധാരണമാക്കുന്നത് മുഖ്യമന്ത്രിയുടെ തന്ത്രപരമായ നിലപാടാണ്. കെഎസ്ഇബിയിലെ പ്രബലരായ സിഐടിയു നേതാക്കൾക്കെതിരായ മന്ത്രിയുടേയും ചെയർമാൻറെയും കടുപ്പിക്കലിന് മുഖ്യമന്ത്രിയുടെയും പിന്തണയുണ്ടെന്ന് ഉറപ്പാണ്. യൂണിയനുകളുടെ വെല്ലുവിളിക്കിടെയും പ്രവർത്തനനേട്ടത്തിലേക്ക് സ്ഥാപനം കുതിക്കുന്നതിനെ തള്ളാൻ മുഖ്യമന്ത്രി തയ്യാറാല്ല.
എന്നാൽ യൂണിയനുകളെ പൂർണ്ണമായും അവഗണിച്ചെന്ന് തോന്നാതിരിക്കാനാണ് തിങ്കളാഴ്ച ചർച്ചക്ക് വൈദ്യുതമന്ത്രിക്കുള്ള സിപിഎം നിർദ്ദേശം. കെഎസ്ഇബിയിലെ പോലെ കെഎസ്ആർടിസിയിലെയും പരിഷ്ക്കാരങ്ങൾക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടിയുണ്ട്. പക്ഷെ കെഎസ്ഇബിയെക്കാൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ് കെഎസ്ആർടിസിയിലെ സ്ഥിതി. ജീവനക്കാരെ ചേർത്ത് നിർത്തുന്ന സർക്കാർ എന്ന് അവകാശപ്പെടുമ്പോഴും വിഷു- ഈസ്റ്റർ നാളിൽ ശമ്പളം കൊടുക്കാനാകാത്തത് സർക്കാരിന് തന്നെ നാണക്കേടായി.
ശമ്പള പ്രതിസന്ധിക്കപ്പുറത്ത് സിഐടിയും കെ സ്വിഫ്റ്റിനെതിരെ വരെ കടുപ്പിച്ചു തുടങ്ങിയത് വെല്ലുവിളി ശക്തമാക്കുന്നു. വാട്ടർ അതോറിറ്റിയിൽ മാനജ്മെൻറിന്റെ പരിഷ്ക്കാരങ്ങൾക്കെതിരെയാണ് സിഐടിയു അടുത്തയാഴ്ച മുതൽ സമരത്തിലേക്ക് നീങ്ങുന്നത്. പ്രതിഷേധം അരങ്ങേറുന്ന സ്ഥാപനങ്ങളുടെ ചുമതലയുള്ള ഘടകകക്ഷിമന്ത്രിമാർ മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയത്തിലാണ്. യൂണിയൻ-മാനേജ്മെനറ് തർക്കത്തിനും ഘടകകക്ഷിമന്ത്രിമാരുടെ വകുപ്പും സിഐടിയുവും തമ്മിലെ പോരിനും അപ്പുറം പ്രതിപക്ഷം വിവാദം ശക്തമായി ഏറ്റെടുക്കാനാണ് ഒരുങ്ങുന്നത്. ശമ്പളം കൊടുക്കാനാകാത്തവരാണ് സിൽവർലൈനി വീരവാദം മുഴക്കുന്നതെന്ന ആക്ഷേപം ഇതിനകം കോൺഗ്രസ് ഉന്നയിച്ചുതുടങ്ങി.