റഷ്യ : യുക്രൈനിലേക്കുള്ള ആയുധ കയറ്റുമതി തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസിന് മുന്നറിയിപ്പുമായി റഷ്യ. യുക്രൈനിലേക്ക് 800 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതിഷേധമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. യുക്രൈനിലെ സൈനിക സഹായം ഉടന്‍ നിര്‍ത്തലാക്കാന്‍ അമേരിക്കയോടും സഖ്യകക്ഷികളോടും ആവശ്യപ്പെടുകയാണ്’. റഷ്യ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നിന് 800 മില്യണ്‍ ഡോളര്‍ സഹായമാണ് കഴിഞ്ഞ ദിവസം നല്‍കിയത്. പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കിയുമായി ബുധനാഴ്ച ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു ബൈഡന്‍. റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പീരങ്കികളും ഹെലികോപ്റ്ററുകളും അടക്കം കഴിഞ്ഞ മാസം കീവിലേക്ക് യുഎസ് അയച്ചിരുന്നു.
അതേസമയം യുക്രൈനിലെ മരിയുപോളില്‍ റഷ്യ വീണ്ടും വ്യോമാക്രമണം നടത്തിയതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസിന്റെ സഹായങ്ങള്‍ തുടരുന്നതിനിടെ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സഭാ അംഗങ്ങള്‍ക്ക് റഷ്യ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജോ ബൈഡന്‍ ഭരണകൂടം നടപ്പിലാക്കിയ റഷ്യന്‍ വിരുദ്ധ ഉപരോധങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസ് യുക്രൈന് 800 മില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക സഹായത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് റഷ്യന്‍ നീക്കം.