കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പോലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പോലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞു വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ യാത്രക്കാരാണ് സ്വർണവുമായി പിടിയിലായത്. ഇവരെ സ്വീകരിക്കാനെത്തിയവരാണ് മറ്റുള്ളവർ. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയിരുന്നത്. സ്വീകരിക്കാനെത്തിയവർ വന്ന ‘മൂന്ന് കാറുകളും പോലീസ് പിടികൂടിയിട്ടുണ്ട്.
സ്വർണ്ണക്കടത്ത് വർധിച്ചതോടെ കഴിഞ്ഞ ആറ് മാസം മുമ്പാണ് പോലീസും കരിപ്പൂരിൽ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. അതിന് ശേഷം ഇത് പതിമൂന്നാമത്തെ തവണയാണ് കരിപ്പൂരിൽ ഇത്തരത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുന്ന യാത്രക്കാരിൽ നിന്നും പോലീസ് സ്വർണ്ണം പിടിക്കുന്നത്.