തിരുവനന്തപുരം : ദേശാഭിമാനി ദിനപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അംബേദ്‌കർ പ്രതിമയിലെ പുഷ്പാർച്ചന വാർത്തയിൽ നിന്ന് തൻ്റെ പേരും ചിത്രവും ഒഴിവാക്കിയെന്ന് ഗോപകുമാർ ആരോപിച്ചു. സിപിഐ പ്രതിനിധി ആയതിനാലാണോ തന്നെ ഒഴിവാക്കിയതെന്നും ഇതാണോ സാമൂഹ്യനീതിയും സമത്വവുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡെപ്യൂട്ടി സ്പീക്കർ തൻ്റെ പരിഭവം പങ്കുവെച്ചത്. ഭരണഘടനാശില്പി ഡോ. ബി ആർ അംബേദ്കറുടെ ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ ചിറ്റയം ഗോപകുമാറിൻ്റെ പേരും ചിത്രവും ഒഴിവാക്കിയിരുന്നു.
ഇതാണ് ഡെപ്യൂട്ടി സ്പീക്കറെ ചൊടിപ്പിച്ചത്. “നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുവാൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഞാനും മന്ത്രിമാരായ കെ രാധാകൃഷ്ണനും വി ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നത്. നിയമസഭയിലെ വാച്ച് ആൻ്റ് വാർഡിൻ്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ച് പുപ്പാർച്ചന നടത്തി. പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഒഴിവാക്കി” ചിറ്റയം ഗോപകുമാർ പറയുന്നു.