പാലക്കാട് : പാലക്കാട് മേലാമുറിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്ന് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയായി.
ശ്രീനിവാസൻ ആക്രമിക്കപ്പെട്ട, അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയത് ആറംഗ സംഘമാണ്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്. ഈ വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേർ വാഹനങ്ങളിൽ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തിൽ കയറിയതോടെ സംഘം മടങ്ങി. ജനം ആക്രമണത്തിന്റെ ഞെട്ടലിൽ പരിഭ്രാന്തിയോടെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമം വ്യാപിക്കാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇത് ഫലപ്രദമാകുമോയെന്ന് വരും മണിക്കൂറുകളിലേ വ്യക്തമാവുകയുള്ളൂ.
സംഭവത്തിൽ പങ്കില്ലെന്ന് പോപുലർ ഫ്രണ്ട്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു. ഒരു അക്രമത്തിനും സംഘടന കൂട്ട് നിൽക്കില്ല. സുബൈർ വധക്കേസിൽ പൊലീസ് പ്രതികൾക്കൊപ്പം ഒത്തുകളിക്കുകയാണ്. സഞ്ജിത്തിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു.