കണ്ണൂർ : സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സംവിധാനം പൊലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലാ പോലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാക്കമ്മറ്റികളാണ്. കേരളം പഴയ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോയെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കെ റെയിൽ പദ്ധതി അനാവശ്യമാണെന്നും സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ നിർത്തിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെ റെയിൽ പദ്ധതി സംബന്ധിച്ച് ബോധ്യപ്പെടുത്തേണ്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാവരെയും ബോധ്യപ്പെടുത്തി സമരത്തിന് ഇറങ്ങാൻ സാധിക്കില്ല. യു.ഡി.എഫിന്റെ രണ്ടാംഘട്ട സമരം ഉടൻ പ്രഖ്യാപിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
കെ റെയിലിനെ ശശി തരൂർ പിന്തുണച്ചിട്ടില്ല. പദ്ധതിയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പഠിച്ച ശേഷം തരൂർ നിലപാട് വ്യക്തമാക്കും. കെ റെയിൽ വിഷയത്തിൽ തരൂർ നടത്തിയ അഭിപ്രായ പ്രകടനമാണ് പാർട്ടി പരിശോധിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. കെ റെയിലിനെ കുറിച്ച് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ച നടത്താൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ സമയം അനുവദിച്ചില്ല. എന്ത് സുതാര്യതയാണ് പദ്ധതിക്കുള്ളതെന്നും ഒളിച്ചുവെക്കാൻ നിരവധി കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ചർച്ച നടത്താൻ സർക്കാർ തയാറാകാതിരുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.