പാലക്കാട് : പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തിന് പ്രതികളെത്തിയ ബൈക്കിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. ഒരു സ്ത്രീയാണ് ബൈക്കിന്റെ ഉടമ. സ്ത്രീ വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഈ ബൈക്ക് നിലവിൽ കൈവശമുള്ളയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. അതേസമയം, ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് പുറത്ത് വരുന്ന വിവരം. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായത്. ആറ് പേർ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയിൽ എത്തിയെന്നും മൂന്ന് പേർ കടക്കുള്ളിൽ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പോലീസും പ്രാഥമികമായി കരുതുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. വിഷുദിനത്തിലാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.
നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുൻപാണ് മറ്റൊരു കൊലപാതകം കൂടി നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു.