കൊച്ചി : പോക്സോ കേസിൽ റോയ് വയലാട്ടിനും അഞ്ജലി റിമാദേവിനും എതിരെ അടുത്തയാഴ്ച കുറ്റപത്രം നല്‍കും. കേസിലെ മുഖ്യസൂത്രധാരന‍് അഞ്ജലിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കടം വാങ്ങിയ പണം തിരികെ നൽകാതാരിക്കാനായി അഞ്ജലി നടത്തിയ ഗൂഢാലോചനയാണ് കൊച്ചി ട്രിപ്പെന്നാണ് കണ്ടെത്തൽ. പരാതിക്കാരിയിൽ നിന്ന് 13 ലക്ഷം രൂപയാണ് അഞ്ജലി കടം വാങ്ങിയത്. അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ലാക്‌മെയിലിങ് നടത്താനാണ് ഉദ്ദേശിച്ചത്. ഇതിനായി അഞ്ജലിയും റോയ് വയലാട്ടും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തി. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.
കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി. റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.