കണ്ണൂര്‍ : പരീക്ഷാരീതിയെ വിമർശിച്ചതിന്‍റെ പേരിൽ സർക്കാർ വിശദീകരണം തേടിയ അധ്യാപകനെതിരെ തുടർനടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്. അധ്യാപകനെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിറങ്ങി. നടപടിയുണ്ടാവില്ലെന്ന് അധ്യാപക സംഘടനകൾക്ക് നൽകിയ ഉറപ്പ് നിലനിൽക്കെയാണ് പ്രതികാരനടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്. ഫോക്കസ് ഏരിയയും വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുത്ത് എഴുതാവുന്ന ഉത്തരങ്ങളുടെ എണ്ണവും കുറച്ചുള്ള പുതിയ പരീക്ഷാരീതിയെ വിമർശിച്ച പയ്യന്നൂരിലെ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി പ്രേമചന്ദ്രനെതിരെയാണ് വകുപ്പ് പ്രതികാര നടപടിയിലേക്ക് പോകുന്നത്.
സംഭവത്തിൽ പി പ്രേമചന്ദ്രനോട് വിശദീകരണം ചോദിച്ച വകുപ്പ് വിശദീകരണം തൃപ്തികരമല്ല എന്ന് കാട്ടിയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം. ഇതിന് ശേഷം നടപടിയുണ്ടാവുമെന്നാണ് സൂചനകൾ. അഭിപ്രായ സ്വാതന്ത്യത്തിന് മേൽ കടന്ന് കയറാനുള്ള ശ്രമമെന്ന് കാട്ടി വിലിയ വിമർശനം ഉണ്ടായതോടെ വിവാദം സജീവമായ നാളിൽ വിദ്യാഭ്യാസ വകുപ്പ് പിന്നാക്കം പോയിരുന്നു. തുടർനടപടികൾ ഒന്നും എടുത്തിട്ടില്ലെന്നത് അധ്യാപക സംഘടനകളെയും സമാധാനിപ്പിച്ചു. ഇത് മറന്നാണ് പ്രതികാര നീക്കം. അതേസമയം അന്വേഷണം നടത്തിയാലും നടപടിയെടുക്കാൻ വകുപ്പിന് കഴിയില്ലെന്ന വിശ്വാസത്തിലാണ് അധ്യാപക സംഘടനകൾ. എ പ്ലസ് നേടുന്നവരുടെ എണ്ണം കുത്തനെ കൂടി തലവേദനയായതോടെയായിരുന്നു ഒറ്റയടിക്ക് ഫോക്കസ് ഏരിയ കുറച്ചുള്ള പരീക്ഷാരീതി കൊണ്ടുവന്നതെന്ന വിമർശനമാണ് അന്ന് ശക്തിപ്പെട്ടത്.