തിരുവനന്തപുരം: തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ജനുവരി 8ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നിരവധി തവണ മേല്‍പ്പാലം സന്ദര്‍ശിക്കുകയും നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. മന്ത്രി ഓഫീസില്‍ നിന്നും പ്രവൃത്തിയുടെ പുരോഗതി കൃത്യമായി പരിശോധിച്ചു. ഓരോ പ്രവൃത്തിക്കും സമയക്രമം നിശ്ചയിച്ച് നല്‍കിയും അത് പരിശോധിച്ചുമാണ് മേല്‍പാലം നിര്‍മാണം ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് എല്ലാ നിലയിലും ഇടപെട്ട കെ ടി ജലീല്‍ എംഎല്‍എയ്ക്കും പ്രവൃത്തിയുമായി സഹകരിച്ച എടപ്പാള്‍ ജനതയ്ക്കും പ്രത്യേകം നന്ദി. നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിര്‍മാണ തൊഴിലാളികളെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.