കോഴിക്കോട് : സമൂഹമാധ്യമങ്ങളിൽ മതസ്പർധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേർക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗൺ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പോലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. കൊലപാതകം നടത്തിയ രീതി, തെരഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവർത്തനമാണ് പാലക്കാട്ട് ഉണ്ടായത്. പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളിൽ തിരിച്ചടിയുണ്ടാകുമെന്ന കൃത്യമായ വിവരം ഉണ്ടായിട്ടും സംഘർഷ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളിൽ പോലും പോലീസിന് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതിന് തെളിവായി പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയിൽ നടന്ന ആര്‍എസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം. സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരാതിരിക്കാനാണ് പോലീസ് ശ്രമം.