കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ എഡിജിപി ഇന്ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ വിശദീകരണത്തില്‍ തൃപ്തിയാവാതെയാണു കോടതി എഡിജിപിയോട് റിപ്പോര്‍ട്ട് തേടിയത്. കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്ന് ഉച്ചയ്ക്ക് ചോദ്യം ചെയ്യും.
ജനുവരി നാലിന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചു തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാണു ക്രൈംബ്രാഞ്ചിനെതിരെയുള്ള ആരോപണം. ഇതില്‍ കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വിചാരണക്കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
എജി ഓഫിസിലേക്ക് അയച്ച അപേക്ഷയാണെന്നും അതു ചോര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ബൈജു പൗലോസിന്റെ വാദം. എന്നാൽ എജി ഓഫിസില്‍ ആര്‍ക്ക് അയച്ചെന്നതിലടക്കം പലതും ഉത്തരമില്ലേയെന്നു കോടതി ചോദിച്ചിരുന്നു. അതേസമയം തുടരന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്നു ചോദ്യം ചെയ്യും. ഉച്ചയ്ക്കുശേഷം ആലുവ പൊലീസ് ക്ലബില്‍ എത്താനാണു നിര്‍ദേശം. വധഗൂഢാലോചനാക്കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കര്‍ ജാമ്യത്തിലാണ്.