ചെന്നൈ: ഓണ്‍ലൈന്‍ ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട ചെന്നൈയില്‍ അറസ്റ്റില്‍. 20ല്‍ അധികം കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച, തേനാംപെട്ടില്‍ വച്ച് ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഡെലിവറി ബോയിയായ എന്‍.ജാനകിരാമനെ കൊള്ളയടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
പണവും ഫോണും തട്ടിയെടുക്കുന്നതിനിടെ തന്നെ കുറിച്ചു കൂടുതലറിയാന്‍ ഗൂഗിള്‍ െചയ്തു നോക്കെന്നായിരുന്നു ബിനുവിന്റെ ഭീഷണി. ജാനകിരാമന്‍ ഇക്കാര്യം പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പിന്നീടു നടന്ന തിരച്ചിലിലാണ് ബിനുവും സഹായിയും അറസ്റ്റിലായത്. ഗുണ്ടാ പണി നിര്‍ത്തി സ്വസ്ഥമായി ജീവിക്കുകയാണെന്ന പതിവ് പല്ലവി ഇത്തവണയും പൊലീസിനു മുന്നില്‍ ബിനു ആവര്‍ത്തിച്ചെങ്കിലും വിലപ്പോയില്ല.
2018ല്‍, 70ലധികം ഗുണ്ടകള്‍ക്കൊപ്പം വടിവാള്‍ ഉപയോഗിച്ചു കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതോടെയാണു ബിനു പാപ്പച്ചന്‍ പൊലീസിന്റെ കണ്ണിലെ കരടായത്. കണ്ടാലുടന്‍ വെടിവച്ചിടാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അന്നു കീഴടങ്ങിയിരുന്നു. കേസുകളില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ബിനുവിനെക്കുറിച്ച്, പിന്നീടു വിവരമില്ലായിരുന്നു. ചൂളൈമേടില്‍ ചായക്കടയിലെ തൊഴിലാളിയായാണു ബിനു ചെന്നൈയിലെത്തിയത്. കാരാട്ടെയില്‍ വിദഗ്ധനായ ബിനു പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായി ആയാണു ഗുണ്ടാ ജീവിതം തുടങ്ങുന്നത്.