തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സമരത്തിൽ സമവായം നീളുന്നു. നാളെ വൈദ്യുതിഭവൻ ഉപരോധിച്ച് സമരം ശക്തമാക്കാൻ അസോസിയേഷൻ തീരമാനിച്ചു. ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ ആവർത്തിച്ചതിൻറെ പേരിൽ അസോസിയേഷൻ പ്രസിഡണ്ടി എംജി സുരേഷ്കുമാറിനെതിരെ വീണ്ടും നടപടിക്ക് മാനേജ്മെനറ് ആലോചിക്കുന്നു. നാളെ യൂണിയനുകളുമായി ചർച്ച നടത്തുന്ന വൈദ്യുതിമന്ത്രി അസോസിയേഷനുമായുള്ള ചർച്ചയിൽ ഇതുവരെ തീരുമാനമെടുത്തില്ല.
കെഎസ്ഇബിയിലെ തർക്കം ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിനുള്ള സൂചനയില്ല. സമരം ചെയ്യുന്ന ഓഫീസേഴ്സ് അസോസിയേഷനുമായി ഇപ്പോഴും നേരിട്ടുള്ള ചർച്ചക്ക് വൈദ്യുതിമന്ത്രി ഒരുക്കമല്ല. സിഐടിയു,ഐഎൻടിയുസി,എഐടിയുസി യൂണിയനുകളുമായി മാത്രമാണ് നാളത്തെ ചർച്ച. അതാകട്ടെ പ്രധാനമായും ലൈൻമാൻമാരുടെ നിയമനത്തിലെ തർക്കത്തെ കുറിച്ചാണ്. വൈദ്യുതിഭവന് മുന്നിൽ സമരം തുടരുന്ന ഓഫീസേഴ്സ് അസോയിഷൻ കൂടുതൽ കടുപ്പിക്കുകയാണ്. നാളെ ആയിരം പേരെ അണിനിരത്തി വൈദ്യതിഭവൻ വളയും. സമരം തീർക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെൻറിനാണെന്നാണ് സമരക്കാരുടെ നിലപാട്.
അതേ സമയം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൻറെ പേരിൽ അസോസിയേഷൻ പ്രസിഡണ്ട് എംജി സുരേഷിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്മെൻറ്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തിൽ ആവർത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിൻറെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സുരേഷ്കുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ചിട്ടും ആരോപണം ആവർത്തിക്കുന്നതിനെ ഗൗരവമായി മാനേജ്മെനറ് കാണുന്നു. ജീവനക്കാരെ തടയില്ലെന്ന് പറയുമ്പോഴും നാളത്തെ ഓഫീസ് വളയൽ സമരത്തെ ഗൗരവത്തോടെയാണ് കെഎസ്ഇബി മാനേജ്മെൻറ് കാണുന്നത്. സംഘർഷ സാധ്യത ഉണ്ടായാൽ വീണ്ടും സമരക്കാർക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും.