ചണ്ഡീഗഢ് : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയ സംഭവത്തിൽ പോലീസുകാരനെതിരെ കേസെടുത്തു. ഹരിയാനയിലെ കർണാലിൽ പോലീസ് കോൺസ്റ്റബിളിനെതിരെയാണ് കേസെടുത്തത്. ഹിസാർ ജില്ലയിലെ ഹാൻസിലെ സന്ദീപ് കുമാർ എന്നയാൾക്കെതിരെയാണ് കേസ്. 2019 മാർച്ചിൽ ഹരിയാന സ്റ്റാഫ് സെലക്ഷൻ കമീഷൻ മുഖേന ഇയാൾ പൊലീസ് കോൺസ്റ്റബിളായി ജോലി നേടിയിരുന്നു. സിക്കിമിലെ മാനേജ്മെന്റ് യൂണിവേഴ്സിറ്റിയിൽ ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രെറ്റെഡ് ലേണിങ്ങിൽ നിന്ന് ബിരുദം നേടിയതിന്‍റെ സർട്ടിഫിക്കറ്റാണ് ഇയാൾ സമർപ്പിച്ചത്.
ഡോക്യുമെന്റ് വെരിഫിക്കേഷനായി ഡിപ്പാർട്ട്മെന്റ് സർവകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. അഞ്ച് വർഷം മുൻപ് തന്നെ പ്രസ്തുത സർവ്വകലാശാല അടച്ചുപൂട്ടിയതായി ബന്ധപ്പെട്ട തപാൽ വകുപ്പ് മറുപടി അയച്ചു. പിന്നീട് 2021 ഫെബ്രുവരിയിൽ യൂണിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ പ്രസ്തുത സർവകലാശാല 2015 ഏപ്രിലിൽ അടച്ചുപൂട്ടിയെന്നും പ്രവർത്തനക്ഷമമല്ലെന്നും ഡിപ്പാർട്മെന്റിനെ അറിയിച്ചു. തുടർന്ന് സിക്കിം പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതിയുടെ ബിരുദം അസാധുവാണെന്ന് കണ്ടെത്തി. ഇയാൾ പറയുന്ന കോഴ്സിന് യു.ജി.സി അംഗീകാരം നൽകിയിട്ടില്ലെന്നും വെളിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും മധുബൻ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് സജ്ജൻ കുമാർ പറഞ്ഞു.