ദില്ലി : കേരളം പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിനെതിരെ കേന്ദ്രം. കൊവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കണക്ക് പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ ബാധിച്ചുവെന്നും കത്തിൽ പറയുന്നു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ന് 90 ശതമാനം വർധനയാണുണ്ടായത്. ഇന്നലത്തെ 1150 എന്ന കണക്കിൽ നിന്ന് 2180 ആയി പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നു. ഇതിൽ 940 കേസുകളും കേരളത്തിലാണ്. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്.
കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിർണായകമാണെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു. ഏപ്രിൽ പതിമൂന്ന് മുതൽ പതിനേഴ് വരെ കേരളം കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കൊവിഡ് മരണങ്ങളും ഇന്നലെയാണ് സംസ്ഥാനം പുറത്തുവിട്ടത്. കണക്ക് പ്രസിദ്ധീകരിച്ച സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചതെന്നും വകുപ്പിൽ ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു അന്ന് ആരോഗ്യ മന്ത്രിയുടെ വിശദീകരണം.
ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 214 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പോസിറ്റിവിറ്റി നിരക്ക് ദശാംശം മൂന്ന് ഒന്നിൽ നിന്ന് ദശാംശം എട്ട് മൂന്ന് ശതമാനമായി കൂടി.