തിരുവനന്തപുരം : കൊപ്പം പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. മച്ചാ മച്ചാ കമ്പനി എന്ന് പറഞ്ഞാൽ ഇതാണെന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഭയ്യാ ഭയ്യാ ബന്ധമാണെന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തിൽ പ്രസിഡന്റ് ടി ഉണ്ണികൃഷ്ണനെതിരെ കൊണ്ട് വന്ന അവിശ്വാസ പ്രമേയമാണ് ബിജെപി പിന്തുണയോടെ പാസായത്. ഇതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. അതേസമയം പാർട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത കൊപ്പം ഒന്നാം വാർഡ് ബിജെപി മെമ്പർ അഭിലാഷിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് അറിയിച്ചു. മാത്രമല്ല, അവിശ്വാസ പ്രമേയത്തിൽ പാർട്ടി നിലപാടിന് എതിരായി നിലപടെടുത്തതിന്റെ പേരിൽ കൊപ്പം ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടതായും ഹരിദാസ് വ്യക്തമാക്കി.