ബ്രസീൽ : മുതലകളുടെയും, കുരങ്ങൻമാരുടെയുമൊക്കെ പ്രധാനപ്പെട്ട ഒരു വാസസ്ഥലം എന്ന് പറയുന്നത് കാടുകളും, കാടുകൾക്കുള്ളിലെ ജലാശയങ്ങളും മറ്റുമാണ്. എന്നാൽ പരിസ്ഥിതി മലിനീകരണം കൂടി വരുന്ന സാഹചര്യത്തിൽ കാടുകളിൽ താമസിക്കുന്ന മുതലകളും , കുരങ്ങൻമാരും, പാമ്പുകളുമൊക്കെ മനുഷ്യർ താമസിക്കുന്ന വാസസ്ഥലത്തേക്ക് എത്തിയാൽ എന്ത് സംഭവിക്കും? ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് സംഭവം. മുതലകളടക്കമുള്ള ഉരഗങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ് ബ്രസീലിലെ റിയോഡി ജനീറോ പട്ടണത്തിൽ. തെരുവുകളിലും, വീടുകൾക്കുള്ളിലും മുതലകളുടേയും, കുരങ്ങൻമാരുടെയും, പാമ്പുകളുടെയും സാന്നിധ്യം ഓരോ വർഷവും കൂടി വരികയാണ് ഇവിടെ.
പട്ടണത്തിന് സമീപമുള്ള പ്രദേശങ്ങളിലെ ലഗൂണുളിലും നദികളിലുമായി 5000ത്തോളം മുതലകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വന്യമൃഗ സാന്നിധ്യം നഗരത്തിൽ കൂടാൻ കാരണമായി കരുതുന്നത് നഗരവത്ക്കരണവും, വനപ്രദേശങ്ങളിലേക്കുള്ള കയ്യേറ്റവുമാണ്. അത്കൊണ്ട് തന്നെ മനുഷ്യ മൃഗ സംഘർഷങ്ങളും റിയോ ജി ജനീറോയിൽ ഏറി വരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.
പരിസ്ഥിതി മലിനീകരണവും പ്രധാനപ്പെട്ട ഒരു കാരണമായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പല ജീവികളുടെയും പ്രകൃത്യാലുള്ള ഭക്ഷ്യ സ്രോതസുകൾ അപ്രത്യക്ഷമായിരിക്കുന്നത് ഇത്തരം ജീവജാലങ്ങളെ വനത്തിൽ നിന്ന് ചേക്കേറി മനുഷ്യരുടെ വാസസ്ഥലത്തേക്ക് വരാൻ പ്രേരിപ്പിക്കുന്നുണ്ട്. മലിനീകരണം മൂലം പ്രദേശത്തെ ആകെയുള്ള ജൈവവൈവിധ്യത്തിലും വലിയ ഇടിവ് സംഭവിച്ചിട്ടുള്ളത്.
2020 ൽ നഗരത്തിലെ അഗ്നി ശമന സേനയുടെ കണക്ക് പ്രകാരം 2419 വന്യ ജീവികളെയാണ് ആളുകൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് നിന്ന് പിടികൂടിയത്. 2021 ആയപ്പോഴേക്കും പിടികൂടിയ ജീവികളുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. 3534 ജീവികളെയാണ് പിടികൂടിയത്. മുതലകളെ കൂടാതെ, പാമ്പുകൾ, പക്ഷികൾ, കുരങ്ങൻമാർ തുടങ്ങിയവയേയും പിടികൂടിയിട്ടുണ്ട് . 2022 ലെ ആദ്യത്തെ മൂന്ന് മാസം കൊണ്ട് പിടികൂടിയ വന്യ ജീവികളുടെ എണ്ണം 1203 ആണ്.