ന്യൂഡൽഹി: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ ഫോൺ ചോർത്തൽ ആരോപണങ്ങളെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അവർ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ഫോൺ ചോർത്തൽ’ തന്ത്രം ഉപയോഗിച്ച് എതിരാളികളെ നിരീക്ഷിക്കുന്നുണ്ടെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഞായറാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
ഞങ്ങളുടെ എല്ലാവരുടെയും ഫോണുകൾ ചോർത്തി സംഭാഷണങ്ങൾ റെക്കോർഡു ചെയ്യുന്നുണ്ട്. പാർട്ടി ഓഫിസിലെ ഫോണുകൾ പോലും ഇതിൽ നിന്ന് മുക്തരല്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ ഫോൺചോർത്തലിന് നേതൃത്വം നൽകുന്നത് -അഖിലേഷ് യാദവ് ആരോപിച്ചു. യുപിയുടെ പുരോഗതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച “യു.പി+യോഗി=ഉപയോഗി” എന്ന തെരഞ്ഞെടുപ്പ് ഫോർമുലയെ പരിഹസിച്ച് കൊണ്ട് ആദിത്യനാഥിനെ അനുപയോഗി മുഖ്യമന്ത്രി എന്ന് യാദവ് വിശേഷിപ്പിച്ചു. എന്നാൽ അഖിലേഷ് യാദവിന്‍റെ ആരോപണങ്ങളെ യോഗി ആദിത്യനാഥ് പൂർണ്ണമായി തള്ളി. അഖിലേഷ് യാദവ് അധികാരത്തിലിരിക്കുമ്പോൾ ഫോൺ ചോർത്തൽ ചെയ്തിരിക്കാം. ആ അനുഭവം വെച്ച് അദ്ദേഹം ഇപ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്ന് ആദിത്യനാഥ് മറുപടി നൽകി.