ബാഴ്സലോണ : ലാലിഗയിൽ ബാഴ്‌സലോണയ്ക്ക് തിരിച്ചടി. പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിന് കാഡിസിനോട് ബാഴ്‌സലോണ തോറ്റു. ബാഴ്സയുടെ മൈതാനമായ ക്യാംപ് നൗവിലായിരുന്നു മത്സരം. 48-ാം മിനുറ്റിൽ ലൂക്കാസ് പെരസ് ആണ് കാഡിസിന്‍റെ ഗോൾ നേടിയത്. 31 മത്സരങ്ങളിൽ 60 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ. റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 32 കളികളില്‍ 75 പോയിന്‍റുമായാണ് കിരീടത്തിനരികിലേക്ക് റയലിന്‍റെ ജൈത്രയാത്ര. 32 കളികളില്‍ 31 പോയിന്‍റ് മാത്രമായി 16-ാം സ്ഥാനക്കാരാണ് ബാഴ്‌സയെ മുട്ടുകുത്തിച്ച കാഡിസ്.
അവസാന മത്സരത്തില്‍ സെവിയ്യയെക്കെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം വമ്പൻ തിരിച്ചുവരവുമായി റയൽ മാഡ്രിഡ് വിജയിച്ചിരുന്നു. 3-2നാണ് റയൽ മാഡ്രിഡിന്‍റെ വിജയം. രണ്ടാം പകുതിയിലെ മൂന്നടിയില്‍ റയല്‍ മത്സരം പിടിച്ചടക്കുകയായിരുന്നു. പതിവുപോലെ കരീം ബെന്‍സേമയാണ് റയലിന്‍റെ രക്ഷകനായത്. ക ളി തുടങ്ങി 21-ാം മിനുറ്റിൽ റാകിറ്റിച്ച് സെവിയ്യയെ മുന്നിലെത്തിച്ചു. നാല് മിനുറ്റുകൾക്ക് ശേഷം ലമേല ലീഡ് ഉയർത്തി. ആദ്യ പകുതി തീരും വരെ റയലിന് തിരിച്ചടിക്കാനായില്ല. രണ്ടാം പകുതിയിലാണ് റയൽ മൂന്ന് ഗോളും അടിച്ചത്. അമ്പതാം മിനുറ്റിൽ റോഡ്രിഗോ, 82-ാം മിനുറ്റിൽ നാചോ എന്നിവരുടെ ഗോളിലൂടെ റയൽ ഒപ്പമെത്തി. കളിയുടെ അധികസമയത്ത് ആയിരുന്നു പതിവുപോലെ രക്ഷകനായി ബെൻസേമയുടെ വരവ്.