തൃശ്ശൂർ : പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എം പി. സംഭവത്തിൽ കേന്ദ്ര അന്വേഷണം വേണ്ടെന്ന് ഏകപക്ഷീയമായി പറയാനാകില്ല. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ കുടുംബവുമൊത്ത് ദർശനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി.
അതേസമയം, പാലക്കാട് ഇരട്ട കൊലപാതകത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്ന പോലീസ്, കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ്, ബി ജെ പി പ്രവർത്തകരായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവർ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകക്കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കും എന്നും പോലീസ് വ്യക്തമാക്കുന്നു. ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.