ദില്ലി : ദില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദില്ലി പോലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സംഘർഷത്തിന് പിന്നിൽ ക്രമിനൽ ഗൂഢാലോചനയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് കണ്ടെത്തൽ.
അതേസമയം, സംഭവത്തിൽ വി എച്ച് പി ക്കെതിരെ എടുത്തിരിക്കുന്ന കേസ് വ്യാജമെന്ന് സംഘടന പറഞ്ഞു. അനുവാദത്തോടെയാണ് റാലി നടത്തിയതെന്നും വിഎച്ച് പി പറയുന്നു. ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജ്ജർ രംഗത്തെത്തി.
കേസിലെ പ്രധാനപ്രതി അൻസറിന് എഎപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഇന്നലെ രംഗത്ത് എത്തിയിരുന്നു. സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശികളും റോഹിഗ്യകളുമാണെന്നും ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് എഎപിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എന്നാല്‍ സംഘർഷം ഉണ്ടാക്കിയത് ബിജെപിയാണെന്ന് എഎപി ആരോപിച്ചു. ബിജെപി നടത്തുന്ന ശോഭായാത്രകളിൽ മാത്രമാണ് സംഘർഷമെന്നാണ് എഎപി യുടെ മറുപടി.
സംഘർഷത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന് നേരെ കല്ലേറുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 24 ആയി. നിലവിൽ ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും ചേർന്നാണ് അന്വേഷണം. ക്രൈംബ്രാഞ്ചിൽ നിന്ന് 15 അംഗസംഘമാണ് അന്വേഷണം നടത്തുന്നത്.