തൃശ്ശൂര്‍ : ഇരിഞ്ഞാലക്കുട ഐ.സി.എല്‍ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം തന്നെ വഞ്ചിച്ചുവെന്ന് മുന്‍ ചെയര്‍മാന്‍ കൂടിയായ നിക്ഷേപകന്‍. ഇരിഞ്ഞാലക്കുട പുതുക്കാടന്‍ വീട്ടില്‍ ജോസ് ആണ് പരാതിക്കാരന്‍. ഇത് സംബന്ധിച്ച് ഇരിഞ്ഞാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ CMP 8664/2017 നമ്പരായി കേസും നടക്കുകയാണ്. ഇരിഞ്ഞാലക്കുട ക്രെഡിറ്റ് ആന്‍ഡ് ലീസിംഗ് കമ്പിനി പ്രൈവറ്റ് ലിമിറ്റഡ് (ICL) മാനേജിംഗ് ഡയറക്ടര്‍ അനില്‍ കുമാര്‍, ചെയര്‍മാന്‍ കെ.കെ.വില്‍സണ്‍, ഡയറക്ടര്‍മാരായഎന്‍.കെ സത്യന്‍, വി.എ ജോര്‍ജ്ജ്, സി.ജെ സ്റ്റാന്‍ലി, എ.എ ബാലന്‍, ദിനചന്ദ്രന്‍, ഇ.കെ സുധീര്‍, ജെയിംസ് മാത്യു, പി.കെ മുഹമ്മദ് ഉമ്മര്‍ എന്നിവരാണ് പ്രതികള്‍. 2022 മാര്‍ച്ച് 11 നായിരുന്നു കേസ് അവസാനം കോടതി പരിഗണിച്ചത്. തന്റെയും തന്റെ ഭാര്യയുടെയും പേരില്‍ ഉണ്ടായിരുന്ന ഓഹരികള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ വകമാറ്റിയെന്നും ഇതുമൂലം വന്‍ സാമ്പത്തിക നഷ്ടം തനിക്ക് ഉണ്ടായിട്ടുണ്ടെന്നുമാണ് പരാതി.
ജവഹര്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം 2004 ഏപ്രില്‍ 26 മുതലാണ് ഇരിഞ്ഞാലക്കുട ക്രെഡിറ്റ് ആന്‍ഡ് ലീസിംഗ് കമ്പിനി പ്രൈവറ്റ് ലിമിറ്റഡ് (ICL) എന്നപേരിലേക്ക് മാറിയതെന്നും 2003 മുതല്‍ 2007 വരെ താന്‍ ഈ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും 2007 മുതല്‍ താന്‍ ആ പദവിയില്‍ ഇല്ലെന്നും ജോസ് പരാതിയില്‍ പറയുന്നു. ഇരിങ്ങാലക്കുട ടൌണ്‍ സഹകരണ ബാങ്കില്‍ നിന്നും (ITC) അസ്സിസ്റ്റന്റ് ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്ത ആളാണ് ജോസ്. ജോസിന്റെ പേരില്‍ ഒരു ലക്ഷത്തി പന്തീരായിരം (112000) ഓഹരികള്‍ ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്നതില്‍ 51000 ഓഹരികള്‍ താനറിയാതെ തനിക്ക് നഷ്ടപ്പെട്ടുവെന്ന് ജോസ് പറയുന്നു. 2013 ല്‍ വിശദമായ പരിശോധനയില്‍ തന്റെ പേരിലുള്ള അകെ ഓഹരികള്‍ 21710 ആയി കുറഞ്ഞതായി കണ്ടെത്തി. 90290 ഓഹരികള്‍ താനറിയാതെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും പരാതിക്കാരന്‍ പറയുന്നു. കൂടാതെ തന്റെ ഭാര്യ റോസിലി ജോസിന്റെ പേരില്‍ ഉണ്ടായിരുന്ന 61000 ഷെയറുകളില്‍ 51000 ഷെയറുകളും ഓഹരിയുടമ അറിയാതെ നഷ്ടപ്പെട്ടുവെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ഓഹരികള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ തങ്ങള്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും എങ്ങും ഒപ്പിട്ടു നല്‍കിയിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു. തന്റെയും ഭാര്യയുടെയും ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയാണ് ഓഹരികള്‍ മറ്റു പേരുകളിലേക്ക് വക മാറ്റിയതെന്ന് ജോസ് പരാതിയില്‍ പറയുന്നു. ഓഹരി നിക്ഷേപങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ജോസ് ഇരിഞ്ഞാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരിഞ്ഞാലക്കുട കോടതിയില്‍ CMP 4253/2015 നമ്പരായി അന്യായം ഫയല്‍ ചെയ്തു. 156(3)CrPc പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഇരിഞ്ഞാലക്കുട പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. അന്നത്തെ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ജെ ജിജോ Cr: 663/2015, u/s:120(b),417,420,468 r/w 34 IPC ആയാണ് കേസ് ചാര്‍ജ്ജ് ചെയ്തത്. ഇത് 2015 മേയ് മാസം പതിനഞ്ചാം തീയതി ഇരിഞ്ഞാലക്കുട ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് 2015 ഒക്ടോബര്‍ 26 ന് ഐ.സി.എല്‍ ഉടമ കെ.ജി അനില്‍ കുമാര്‍ ഹൈക്കോടതിയില്‍ നിന്നും 6384/2015 പ്രകാരം മുന്‍കൂര്‍ ജാമ്യം നേടി.
കോടതിയില്‍ തനിക്ക് വിശ്വാസം ഉണ്ടെന്നും തന്റെ മൊഴി രേഖപ്പെടുത്തിയെന്നും ഇനിയും സാക്ഷികളുടെ മൊഴികള്‍കൂടി രേഖപ്പെടുത്താന്‍ ഉണ്ടെന്നും പറഞ്ഞ ജോസ്, കോവിഡ് കാലമായതിനാല്‍ കേസ് നീണ്ടുപോകുകയായിരുന്നെന്നും പറഞ്ഞു. പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി Mistake of Facts എന്ന് രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിയില്‍ ജോസ് പറയുന്നു. തനിക്കും കുടുംബത്തിനും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും 78 വയസ്സുകാരനായ ജോസ് പറഞ്ഞു. കേസ് മേയ് ഏഴിന് കോടതി വീണ്ടും പരിഗണിക്കും.
ഇരിഞ്ഞാലക്കുട ഐ.സി.എല്‍ ചെയര്‍മാന്‍ അനില്‍ കുമാറുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കുവാന്‍ തയ്യാറായില്ലെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു. പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയും പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് നീതി ലഭിക്കുക എന്ന ഉദ്ദേശത്തിലും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ മുമ്പ് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ തെറ്റായ വിവരം ധരിപ്പിച്ച് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുവാനായിരുന്നു ഐ.സി.എല്‍ എന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അനില്‍ കുമാര്‍ ശ്രമിച്ചത്. യഥാര്‍ഥ വസ്തുതകളും തെളിവുകളും കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ ഐ.സി.എല്ലിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്നുള്ള നിരോധന ഉത്തരവ് എറണാകുളം മുന്‍സിഫ് കോടതി പരിഷ്കരിച്ചു. ഇതനുസരിച്ച് വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് തടസ്സമില്ല. സമാനമായ പരാതികളുമായി നിരവധിപ്പേര്‍ മുമ്പോട്ടു വരുന്നുണ്ടെന്നും തെളിവുകളും രേഖകളും ഉണ്ടെങ്കില്‍ അതൊക്കെ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.