കൊച്ചി: മാതാപിതാക്കളെ താനും ഷെജിനും ഒരുമിച്ച് പോയി കാണുമെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ജോയ്സ്ന. ഷെജിന്‍റെ കൂടെ പോകാനാണ് ആഗ്രഹിച്ചത്. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അക്കാര്യം തന്നെയാണ് കോടതി വ്യക്തമാക്കിയതെന്നും ജോയ്സ്ന പറഞ്ഞു. പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി തീർപ്പാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മാതാപിതാക്കളോട് ഞങ്ങൾ രണ്ടുപേരും പോയി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയെടുക്കും. ഈയൊരു സാഹചര്യത്തിൽ പറഞ്ഞാൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. ഏതൊരു മാതാപിതാക്കൾക്കും വിഷമമുണ്ടാകും. അതിൽ മക്കളെന്ന നിലയിൽ ഞങ്ങൾക്കും വിഷമമുണ്ട്. ഇത് കേൾക്കുന്നവർ എന്നെ കുറിച്ച് എന്താണ് പ്രതികരിക്കുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
കോടതിയിൽ എന്‍റെ തീരുമാനം പറഞ്ഞു. ഇഷ്ടമുള്ള വ്യക്തിയുടെ കൂടെയാണ് പോകുന്നത്. മാതാപിതാക്കളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും -ജോയ്സ്ന പറഞ്ഞു.