ലക്നൗ : എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികൾക്ക് ജന്മം നൽകണമെന്നും അതിൽ രണ്ടു പേരെ രാജ്യത്തിന് സമർപ്പിക്കണമെന്നും വിഎച്ച്പി നേതാവ് സാധ്‍വി ഋതംബര. അങ്ങനെയെങ്കിൽ ഇന്ത്യ വേഗംതന്നെ ഹിന്ദു രാഷ്ട്രമാകുമെന്നും അവർ പറഞ്ഞു. ഞായറാഴ്ച രാമനവമിയോടനുബന്ധിച്ച് നിരാല നഗറിൽ നടന്ന പരിപാടിക്കിടെയാണ് സാധ്‌വിയുടെ വിവാദ പ്രസ്താവന.
‘നാം രണ്ട്, നമുക്ക് രണ്ട് എന്ന തത്വമാണ് എല്ലാ ഹിന്ദു സ്ത്രീകളും പിന്തുടരുന്നത്. പക്ഷേ ഞാൻ ഹിന്ദു ദമ്പതികളോട് അപേക്ഷിക്കുന്നത് നാല് കുട്ടികൾക്ക് ജന്മം നൽകണമെന്നാണ്. അവരില്‍ 2 പേരെ രാജ്യത്തിനു സമർപ്പിക്കണം. മറ്റ് രണ്ടുപേരെ കുടുംബത്തിൽ വളർത്താം. അങ്ങനെയെങ്കിൽ ഇന്ത്യ അതിവേഗം ഹിന്ദു രാഷ്ട്രമാകും. രാജ്യത്ത് ഏകീകൃത സിവിൽ നിയമം നിലവിൽ വരണം. എങ്കിൽ ജനസംഖ്യ സന്തുലിതമാകും’– സാധ്‍വി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടികളെ ആർഎസ്‌എസിനു നല്‍കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, കുട്ടികളെ ആർഎസ്എസിനു സമർപ്പിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരാക്കുക, അങ്ങനെ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യുക എന്നായിരുന്നു ഋതംബരയുടെ മറുപടി.