മോസ്കോ: യുക്രെയ്ൻ സൈന്യം എത്രയും വേഗം ആയുധം താഴെവയ്ക്കണമെന്ന മുന്നറിയിപ്പുമായി റഷ്യ. മരിയുപോൾ നഗരത്തിൽ ബാക്കിയുള്ള യുക്രെയ്ൻ സൈനികർ ഉടൻ കീഴടങ്ങണമെന്നും റഷ്യ അന്ത്യശാസനം നൽകി. യുക്രെയ്ന്റെ കിഴക്കൻ ഭാഗങ്ങളിൽ റഷ്യ കൂടുതൽ ആക്രമണങ്ങൾ തുടങ്ങിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അന്ത്യശാസനം.
വെടിനിർത്താൻ സൈനികർക്ക് യുക്രെയ്ൻ അധികൃതർ നിർദേശം നൽകണമെന്നും ബുദ്ധിയില്ലാത്ത പ്രതിരോധം അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. പക്ഷേ, യുക്രെയ്നിലെ അധികൃതരിൽനിന്ന് ഇത്തരമൊരു ഉത്തരവ് സൈനികർക്കു നൽകില്ലെന്നു ഞങ്ങൾക്ക് അറിയാം. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സൈനികരോടു പറയുകയാണ്, അവർ ആയുധങ്ങൾ താഴെ വയ്ക്കണം– പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ആയുധങ്ങൾ ഉപേക്ഷിക്കുന്ന എല്ലാവരെയും ജീവിക്കാൻ അനുവദിക്കുമെന്ന ഉറപ്പും റഷ്യ നൽകുന്നു. യുക്രെയ്നിലെ ബറ്റാലിയനുകൾക്കും വിദേശത്തുനിന്നുള്ള കൂലിപ്പട്ടാളക്കാർക്കും റഷ്യൻ സൈന്യം ഒരു അവസരം കൂടി നൽകുകയാണ്. എല്ലാ സൈനിക നടപടികളും ഉടൻ നിര്‍ത്തി ആയുധം ഉപേക്ഷിക്കണം– റഷ്യ വ്യക്തമാക്കി. അതേസമയം കിഴക്കൻ യുക്രെയ്നിലെ ആക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.