തൃശൂര്‍ : ഇരിഞ്ഞാലക്കുട ഐ.സി.എല്‍ സാമ്പത്തിക തട്ടിപ്പ് ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രംഗത്ത്. കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലും ശാഖകളുള്ള പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ICL കമ്പിനിയുടെ ഓഹരി തട്ടിപ്പ് പുറത്തുവന്നതോടെ എങ്ങനെയും പരാതികള്‍ ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമം ആരംഭിച്ചു. ഇത് സംബന്ധിച്ച് പ്രമുഖ ഓണ്‍ ലൈന്‍ മാധ്യമ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇതേ തുടര്‍ന്ന് ഐ.സി.എല്‍ ഉടമ അനില്‍ കുമാര്‍ കോണ്‍ഗ്രസ് നേതാവ് എം.പി. ജാക്സണ്‍ നെ ദല്ലാള്‍ ആക്കുകയായിരുന്നു. ഇരിഞ്ഞാലക്കുട അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ആണ് ജാക്സണ്‍. കൂടാതെ ഡി.സി.സി, കെ.പി.സി.സി ഭാരവാഹിയുമാണ്. ഇതോടെ ഓഹരി തട്ടിപ്പ് നടത്തിയ ഐ.സി.എല്‍ കമ്പിനിയുമായി എം.പി. ജാക്സണ്‍ നുള്ള ബന്ധം മറനീക്കി പുറത്തുവരികയാണ്.
പരാതിക്കാരനും വയോധികനുമായ ജോസിനെ സമീപിച്ച് ഇനിയും വാര്‍ത്തകള്‍ പുറത്തുവിടരുതെന്നും ഐ.സി.എല്‍ കമ്പിനിയുടെ അഭിഭാഷകന്‍ വിദേശത്താണെന്നും മേയ് മൂന്നാം തീയതി തിരികെ എത്തുമെന്നും അഞ്ചാം തീയതിക്ക് മുമ്പ് ഓഹരി തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം മടക്കി നല്‍കാമെന്നും കോണ്‍ഗ്രസ് നേതാവ് എം.പി. ജാക്സണ്‍ ഉറപ്പുനല്‍കിയതായി ജോസ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കൊടുങ്ങല്ലൂരില്‍ മത്സരിച്ച് പരാജയപ്പെട്ട ആളാണ് എം.പി. ജാക്സണ്‍. ഐ.സി.എല്‍ ഓഹരി തട്ടിപ്പില്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഇതോടെ വെളിവാകുകയാണ്.
2007 മുതല്‍ പല ഉറപ്പുകളും അവധികളും താന്‍ കേട്ടിരുന്നുവെന്ന് പരാതിക്കാരനായ ഇരിഞ്ഞാലക്കുട പുതുക്കാടന്‍ വീട്ടില്‍ ജോസ് പറഞ്ഞു. ഐ.സി.എല്‍ മുന്‍ ചെയര്‍മാന്‍ കൂടിയാണ് പരാതിക്കാരന്‍. ഓഹരി തട്ടിപ്പ് സംബന്ധിച്ച് ഇരിഞ്ഞാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ CMP 8664/2017 നമ്പരായി കേസും നടക്കുകയാണ്. ഇരിഞ്ഞാലക്കുട ക്രെഡിറ്റ് ആന്‍ഡ് ലീസിംഗ് കമ്പിനി പ്രൈവറ്റ് ലിമിറ്റഡ് (ICL) മാനേജിംഗ് ഡയറക്ടര്‍ അനില്‍ കുമാര്‍, ചെയര്‍മാന്‍ കെ.കെ.വില്‍സണ്‍, ഡയറക്ടര്‍മാരായഎന്‍.കെ സത്യന്‍, വി.എ ജോര്‍ജ്ജ്, സി.ജെ സ്റ്റാന്‍ലി, എ.എ ബാലന്‍, ദിനചന്ദ്രന്‍, ഇ.കെ സുധീര്‍, ജെയിംസ് മാത്യു, പി.കെ മുഹമ്മദ് ഉമ്മര്‍ എന്നിവരാണ് പ്രതികള്‍.
2022 മാര്‍ച്ച് 11 നായിരുന്നു കേസ് അവസാനം കോടതി പരിഗണിച്ചത്. തന്റെയും തന്റെ ഭാര്യയുടെയും പേരില്‍ ഉണ്ടായിരുന്ന ഓഹരികള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ കള്ള ഒപ്പിട്ട് വകമാറ്റിയെന്നും ഇതുമൂലം വന്‍ സാമ്പത്തിക നഷ്ടം തനിക്ക് ഉണ്ടായിട്ടുണ്ടെന്നുമാണ് പരാതി. ഇരിങ്ങാലക്കുട ടൌണ്‍ സഹകരണ ബാങ്കില്‍ നിന്നും (ITC) അസ്സിസ്റ്റന്റ് ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്ത ആളാണ് ജോസ്. കേസ് മേയ് ഏഴിന് കോടതി വീണ്ടും പരിഗണിക്കും.
ജോസിന്റെ പേരില്‍ ഒരു ലക്ഷത്തി പന്തീരായിരം (112000) ഓഹരികള്‍ ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്നതില്‍ 51000 ഓഹരികള്‍ താനറിയാതെ തനിക്ക് നഷ്ടപ്പെട്ടുവെന്ന് ജോസ് പറയുന്നു. 2013 ല്‍ വിശദമായ പരിശോധനയില്‍ തന്റെ പേരിലുള്ള അകെ ഓഹരികള്‍ 21710 ആയി കുറഞ്ഞതായി കണ്ടെത്തി. 90290 ഓഹരികള്‍ താനറിയാതെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും പരാതിക്കാരന്‍ പറയുന്നു. കൂടാതെ തന്റെ ഭാര്യ റോസിലി ജോസിന്റെ പേരില്‍ ഉണ്ടായിരുന്ന 61000 ഷെയറുകളില്‍ 51000 ഷെയറുകളും ഓഹരിയുടമ അറിയാതെ നഷ്ടപ്പെട്ടുവെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഓഹരികള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ തങ്ങള്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും എങ്ങും ഒപ്പിട്ടു നല്‍കിയിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു. തന്റെയും ഭാര്യയുടെയും ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയാണ് ഓഹരികള്‍ മറ്റു പേരുകളിലേക്ക് വക മാറ്റിയതെന്ന് ജോസ് പരാതിയില്‍ പറയുന്നു.
ഓഹരി നിക്ഷേപങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ജോസ് ഇരിഞ്ഞാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരിഞ്ഞാലക്കുട കോടതിയില്‍ CMP 4253/2015 നമ്പരായി അന്യായം ഫയല്‍ ചെയ്തു. 156(3)CrPc പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഇരിഞ്ഞാലക്കുട പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. അന്നത്തെ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ജെ ജിജോ Cr: 663/2015, u/s:120(b),417,420,468 r/w 34 IPC ആയാണ് കേസ് ചാര്‍ജ്ജ് ചെയ്തത്. ഇത് 2015 മേയ് മാസം പതിനഞ്ചാം തീയതി ഇരിഞ്ഞാലക്കുട ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് 2015 ഒക്ടോബര്‍ 26 ന് ഐ.സി.എല്‍ ഉടമ കെ.ജി അനില്‍ കുമാര്‍ ഹൈക്കോടതിയില്‍ നിന്നും 6384/2015 പ്രകാരം മുന്‍കൂര്‍ ജാമ്യം നേടി.
സമാനമായ പരാതികളുമായി നിരവധിപ്പേര്‍ മുമ്പോട്ടു വരുന്നുണ്ടെന്നും തെളിവുകളും രേഖകളും ലഭിക്കുന്ന മുറക്ക് അതൊക്കെ പ്രസിദ്ധീകരിക്കുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു. ഭീഷണിയിലൂടെ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും ജനങ്ങളെ യഥാസമയം സത്യം അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമയെന്നും അവര്‍ പറഞ്ഞു.