തലശേരി: മിശ്രവിവാഹങ്ങളിൽ ചിലത് ആസൂത്രിതമാണെന്ന് നിയുക്ത തലശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. സമൂഹത്തിന്റെ ആശങ്ക സർക്കാർ ഗൗരവമായി കാണണം. എന്നാൽ എല്ലാ മിശ്രവിവാഹങ്ങളും തീവ്രവാദികൾ നടത്തുന്നതാണെന്ന് കരുതുന്നില്ല. തീവ്രവാദ സംഘടനകളുടെ സ്ലീപിങ് സെല്ലുകൾ കേരളത്തിൽ സജീവമാണെന്ന ആശങ്ക സഭയ്ക്കുണ്ട്. സഭ മറ്റ് മതങ്ങള്‍ക്ക് എതിരല്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘ഇന്ത്യ പോലെ പല മതങ്ങളിൽപ്പെട്ടവർ ഒന്നിച്ചു ജീവിക്കുന്ന രാജ്യത്ത് മിശ്രവിവാഹങ്ങൾ സ്വാഭാവികമായി സംഭവിക്കാറുണ്ട്. ഇതിനു മുൻപും അങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷേ, സമീപകാലത്ത് ഇത്തരം വിവാഹങ്ങൾ മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി തികച്ചും ആസൂത്രിതമായി സംഭവിക്കുന്നുവെന്ന തോന്നൽ ചില കോണുകളിൽ ശക്തിപ്പെട്ടുവരുന്നുണ്ട്. അത് പൊതുസമൂഹത്തിന്റെ ഒരു ആശങ്കയാണ്. ഈ ആശങ്കയെ സർക്കാരും ഉത്തരവാദപ്പെട്ടവരും ഗൗരവത്തോടെ കാണണം’ – മാർ പാംപ്ലാനി പറഞ്ഞു.