തേഞ്ഞിപ്പലം: ദീർഘദൂര, ത്രോ ഇനങ്ങളോടെ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന് തുടക്കം. ആദ്യദിനം ആറ് ഫെെനലുകളായിരുന്നു. പാലക്കാടാണ് മുന്നിൽ (41). മലപ്പുറം (16) രണ്ടാമതും 16 വീതം പോയിന്റുമായി ആലപ്പുഴ, എറണാകുളം ജില്ലകൾ മൂന്നാമതും നിൽക്കുന്നു. കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മീറ്റിൽ അണ്ടർ 16 ആൺകുട്ടികളുടെ ഹാമർ ത്രോയിൽ പാലക്കാടിന്റെ മുഹമ്മദ് നിഹാലിന്റെ പ്രകടനം മികച്ചതായി. 50.69 മീറ്റർ എറിഞ്ഞാണ് സ്വർണം. 50.80 മീറ്ററാണ് നിലവിലെ റെക്കോഡ്.
പാലക്കാട് നടുവട്ടം ജനത അത്‌ലറ്റിക് ക്ലബ്ബിന്റെ താരമാണ്. സഹോദരി നജ്‌ല കഴിഞ്ഞ ദിവസം സമാപിച്ച കലിക്കറ്റ് സർവകലാശാല അത്-ലറ്റിക് മീറ്റിൽ ഡിസ്കസ് ത്രോയിലും ഹാമർ ത്രോയിലും വെള്ളി നേടിയിരുന്നു. അണ്ടർ 20 ഹാമർ ത്രോയിൽ കോഴിക്കോട് നീലേശ്വരം സ്പോർട്സ് അക്കാദമിയിലെ നിധിൻ സജി (44.08മീ) സ്വർണം നേടി. അണ്ടർ 18 ഹാമർ ത്രോയിൽ ആലപ്പുഴ ലിയോ അത്-ലറ്റിക് അക്കാദമിയിലെ മഹേഷിനാണ് സ്വർണം (45.33). അണ്ടർ 20 വിഭാഗം 10,000 മീറ്ററിൽ പാലക്കാട് കൊഴിഞ്ഞാംപാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എ ആൾവിൻ (34:43.50) ഒന്നാമതെത്തിയപ്പോൾ അണ്ടർ 18 വിഭാഗം 3000 മീറ്ററിൽ തൃശൂരിന്റെ മണിപ്പുരി താരം യമ്നം അർജിത് മീട്ടി (9:17.30) സ്വർണം സ്വന്തമാക്കി. അണ്ടർ 20 ജാവലിൻ ത്രോയിൽ എറണാകുളത്തിന്റെ ജിബിൻ തോമസിനാണ് (55.96) സ്വർണം. ഇന്ന് 34 ഫെെനൽ.