പാലക്കാട് : പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. പ്രതികളിൽ നാല് പേരെ തിരിച്ചറിഞ്ഞു. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പോലീസിന്റെ നിഗമനം. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാൻ, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരാണ് പ്രതികൾ. ഇവരെ തിരിച്ചറിയുന്നതിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. പ്രതികൾ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് വല്ലപ്പുഴ കടന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഫിറോസും ഉമ്മറുമാണ് തമിഴ്നാട് രജിസ്ട്രേഷൻ ബൈക്കിൽ സഞ്ചരിച്ചത്. ആക്ടീവ സ്കൂട്ടറിൽ ഉണ്ടായിരുന്നത് അബ്ദുൾ ഖാദർ ആണ്. 2018ൽ ഹേമാംബിക പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന തീവെപ്പ് കേസിലും ഇയാൾ പ്രതിയാണെന്നാണ് നിഗമനം.
കഴിഞ്ഞ 16നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറംഗ സംഘമാണ് കൃത്യം നടത്തിയത്. ഇതേത്തുടർന്ന് പോലീസിന് ലഭിച്ച നിർണായക തെളിവുകളിലൊന്ന് സിസിടിവി ദൃശ്യങ്ങളായിരുന്നു. ബൈക്കുകളിലൊന്ന് വാങ്ങിക്കൊണ്ടുപോയത് ശംഖുവാരത്തോട് സ്വദേശിയായ അബ്ദുറഹ്മാൻ ആണെന്നും പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് നാല് പേരാണ് പ്രതികളെന്നും അവർ ആരെൊക്കെയാണെന്നും പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.