തിരുവനന്തപുരം : മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടി. മുന്നണിമാറ്റം ലീഗിന്‍റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇപ്പോഴില്ല. ജയരാജന്‍റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ ലീഗിനെ സ്വീകരിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വര്‍ഗീയ ചേരിതിരിവിന് തടയിടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്‍റെ ശത്രുക്കളാണ്. എസ്‍ഡിപിഐ ലീഗിന്‍റെ ആജന്മശത്രുക്കളാണ്. ലീഗിന്‍റെ ഇടംപിടിക്കാനാണ് അത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ ലീഗിനെ സ്വീകരിക്കാമെന്നായിരുന്നു ഇ പി ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്രതീക്ഷിക്കാത്ത പലരും എൽഡിഎഫിലേക്ക് വരും. എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോൾ പറയാനാവില്ല. അത് തെരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട തീരുമാനമാണ്. എൽഡിഎഫ് നയം അംഗീകരിച്ചാൽ പി ജെ കുര്യനെയും സ്വീകരിക്കും. മാണി സി കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കും. ആർഎസ്പി പുനർവിചിന്തനം നടത്തണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.