ബെംഗളൂരു: നിരവധി ട്രാഫിക്ക് സിഗ്നൽ ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായതിന്റെ ആശ്വാസത്തിലായിരുന്നു ബെംഗളൂരു പൊലീസ്. എന്നാൽ പൊലീസിനെ വീണ്ടും വെല്ലുവിളിച്ച്, ബെംഗളൂരു നഗര ഹൃദയത്തിലെ ഒരു ട്രാഫിക് സിഗ്നൽ ബാറ്ററി കൂടി മോഷണം പോയി. കർണാടകയിലെ ബസവേശ്വര സർക്കിളിൽ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നലിന്റെ ബാറ്ററിയാണ് വീണ്ടും മോഷണം പോയത്.
പൊലീസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബസവേശ്വര മേഖലയിൽ രാവിലെ ഡ്യൂട്ടിയിൽ നിൽക്കുമ്പോൾ, സിഗ്നൽ ലൈറ്റുകൾ അണഞ്ഞുകിടക്കുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥ ശ്രദ്ധയിൽപ്പെട്ടു. ഉടൻ മോഷണവിവരം ട്രാഫിക് മാനേജ്മെന്റ് സെന്ററിലെ കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ബാറ്ററികൾ മോഷണം പോയ വിവരം സ്ഥിരീകരിക്കുന്നത്. ബാറ്ററികൾക്ക് 7,000 രൂപയോളമാണ് വില. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ, നഗരത്തിലെ സിഗ്നലുകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസുകളിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 230-ഓളം ബാറ്ററികളാണ് ഇവരുടെ കൈയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ദമ്പതികൾ ജയിലിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ പുതിയ മോഷണത്തിന് പിന്നിൽ ആരാണെന്നത് പൊലീസിന് വെല്ലുവിളിയാണ്. കള്ളന് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.