ന്യൂഡൽഹി: ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഘെബ്രീസിസിനെ ഗുജറാത്തി പേരു വിളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിങ്ങളെ തുളസി ഭായ് എന്നു വിളിക്കുന്നതു ഞാൻ ആസ്വദിക്കുന്നു’ വെന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നവേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. കാലങ്ങളായി ഇന്ത്യക്കാർ തുളസിച്ചെടിയെ ആരാധിക്കുന്നുണ്ടെന്നും പരിപാടിയിൽ പ്രധാനമന്ത്രി വിശദീകരിച്ചു.
‘ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഘെബ്രീസിസ് എന്റെ നല്ലൊരു സുഹൃത്താണ്. ഇന്ത്യക്കാരായ അധ്യാപകര്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അവർ കാരണമാണു താൻ ഇവിടെ വരെയെത്തിയതെന്നും അദ്ദേഹം പറയുമായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഗുജറാത്തിയിൽ ഒരു പേരു തീരുമാനിച്ചിട്ടുണ്ടോയെന്ന് എന്നോടു ചോദിക്കുന്നു. അതുകൊണ്ട് ഗുജറാത്തിയിൽ ഞാൻ അദ്ദേഹത്തെ തുളസി ഭായ് എന്നു വിളിക്കുന്നു. പുതിയ തലമുറ മറന്നുപോകുന്ന ഒരു ചെടിയാണ് തുളസി. പല തലമുറകൾ തുളസിയെ ആരാധിച്ചിരുന്നു’– പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതികള്‍ക്കായി രാജ്യത്തേക്കു വരുന്ന വിദേശികൾക്കുവേണ്ടി ഉടൻ പ്രത്യേക ആയുഷ് വീസ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നു ദിവസമായി നടക്കുന്ന ഉച്ചകോടിയിൽ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലിനു പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥും പങ്കെടുക്കുന്നുണ്ട്.