തിരുവനന്തപുരം : ആവശ്യമായ എല്ലാ പഠനങ്ങളും നടത്തിയാണ് സിൽവർലൈൻ ഡി.പി. ആർ. തയ്യാറാക്കിയതെന്ന കെ – റെയിലിന്റെ വിശദീകരണം ശുദ്ധ അസംബന്ധമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. ഡിപിആർ. തയ്യാറാക്കുന്നതിന് ആവശ്യമായ 14 ഘടകങ്ങളിൽ രണ്ടെണ്ണത്തിന് മാത്രമാണ് കെ – റെയിൽ പൂർണ്ണ മറുപടി നൽകിയിട്ടുള്ളത്. നാലെണ്ണം ഭാഗികമായി മാത്രം. ബാക്കിയുള്ള എട്ടെണ്ണത്തിനുള്ള കണ്ടെത്തൽ നടത്തിയിട്ടേയില്ല. പഠനങ്ങൾ നടക്കാത്ത കൊണ്ടാണ് ഇത് സംഭവിച്ചത്.
ഡി.പി.ആർ അപൂർണമാണെന്നും സാങ്കേതിക വിശദാംശങ്ങൾ അടക്കമുള്ള പഠനറിപ്പോർട്ടുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് 22 ഫെബ്രുവരി രണ്ടിനും മാർച്ച് 21 നും കേന്ദ്ര റെയിൽവേ മന്ത്രാലയം കെ – റെയിലിനു ആവർത്തിച്ചു കത്ത് അയച്ചിട്ട് ഇതുവരെ മറുപടി പോലും നൽകിയിട്ടില്ല. ” ഇന്ത്യൻ റെയിൽവേയുടെ മറ്റു ലൈനുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്നബ്രോഡ്ഗേജിലുള്ള അർദ്ധ അതിവേഗപാത” എന്ന മുഖവുരയിൽ ആദ്യം സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് കേന്ദ്രം തത്വത്തിലുള്ള അംഗീകാരം പോലും നൽകിയിരിക്കുന്നത്. പിന്നീട് ഒരു പഠനവും അംഗീകാരവും ഇല്ലാതെ അതുമാറ്റി സ്റ്റാൻഡേർഡ് ഗേജാക്കി.ഒരു വൻകിട പദ്ധതിയുടെ ഡി.പി. ആറിൽ ഇത്തരത്തിൽ അവ്യക്തതയും സുതാര്യതയില്ലായ്മയും ദുരൂഹതയും തട്ടിപ്പും നടത്തിയാണ് കെ – റെയിൽ പറയുന്ന ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്.
സാമൂഹിക ആഘാത പഠനം നടക്കുന്നതേയുള്ളൂ എന്ന് എല്ലാവരും ഒരുപോലെ വിശദീകരിക്കുന്നു. നിയമം അനുശാസിക്കുന്ന പ്രകാരം കേന്ദ്ര അംഗീകാരമുള്ള ഏജൻസിയെക്കൊണ്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടേയില്ല. തടിതപ്പാൻ മുഖ്യമന്ത്രി താൽപര്യമെടുത്ത് നടത്തിയ തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവിയോൺമെന്റ് സ്റ്റഡീസ് ആൻഡ് ഡെവലപ്മെന്റിന്റെ റിപ്പോർട്ടിൽ പദ്ധതി കടന്നുപോകുന്ന 164 ഇടങ്ങൾ അതീവ ദുർബല പ്രദേശമാ ണെന്നും ഇവിടെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് എംബാങ്ക്മെന്റ് പരമാവധി കുറയ്ക്കണമെന്നുമാ ണ് ശുപാർശ ചെയ്തിട്ടുള്ളത്. ഇതും കൈയിൽ വച്ചിട്ട് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നും പുതുശ്ശേരി പറഞ്ഞു.