തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കെഎംഎസ്എല്‍ മുഖാന്തിരം ഹാര്‍ട്ട് ലങ് മെഷീനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ മെഷീന്റെ സെലക്ഷന്‍ പ്രക്രിയയിലാണ്. ബാക്കിയുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ഹാര്‍ട്ട് ലങ് മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
പകരം സംവിധാനമായി എസ്എടി ആശുപത്രിയിലെ ഹാര്‍ട്ട് ലങ് മെഷീന്‍ ഉപയോഗിച്ച് ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ഹാര്‍ട്ട് ലങ് മെഷീന്‍ 2012ല്‍ ഇന്‍സ്റ്റാള്‍ ചെയ്തതാണ്. നിരന്തര ഉപയോഗം കൊണ്ടും കാലപ്പഴക്കം കൊണ്ടുമാണ് മെഷീന്റെ പ്രവര്‍ത്തനം നിലച്ചത്.
നിലവിലെ മെഷീന്‍ അടിയന്തരമായി കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനസജ്ജമാക്കും. കമ്പനിയ്ക്ക് പേയ്മെന്റ് കുടിശികയില്ല. സ്പെയര്‍പാര്‍ട്സ് കിട്ടുന്നതിലെ കാലതാമസമാണ് ഉണ്ടായത്. ഒന്നോ രണ്ടോ ദിവസത്തിനകം സ്പെയര്‍പാര്‍ട്സ് ലഭ്യമാക്കി മെഷീന്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.