ദില്ലി : രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജംഇയ്യത്തുൽ ഉലമ ഹിന്ദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. അതേസമയം, സിപിഎം പിബി അംഗം വൃന്ദാ കാരാട്ടും വിഷയത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ നടന്ന ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പരാതി ലഭിച്ചു.
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മുനിസിപ്പൽ നീക്കമെന്ന് കാട്ടിയാണ് പരാതി. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. ഇതിനിടെയിൽ ഏകപക്ഷീയമായ നടപടിയാണ് മുനിസിപ്പിൽ കോർപ്പറേഷൻറെ എന്ന വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം. കോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന ഏകപ്രതീക്ഷയിലാണ് ജഹാംഗീർപുരിയിലെ താമസക്കാർ. അന്തിമ വിധി മറിച്ചായാൽ കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ മുനിസപ്പൽ കോർപ്പറേഷൻറെ ഭാഗത്ത് നിന്നും ഉണ്ടാകും. സംഘർഷ സാഹചര്യം ഇല്ലെന്നും കോടതി ഉത്തരവുള്ളതിനാൽ കൂടുതൽ ഒഴിപ്പക്കൽ തത്കാലം ഉണ്ടാകില്ലെന്നും ദില്ലി പോലീസ് സ്പെഷ്യൽ കമ്മീഷണർ പറഞ്ഞു.
വലിയ വാടക കൊടുത്ത് ജീവിക്കാൻ നിവൃത്തിയില്ലാത്തവരാണ് ജഹാംഗീർപുരിയിലെ കോളനികളിലെ താമസക്കാർ. അടച്ചുറപ്പില്ലാത്ത, ജെസിബിയുടെ കൈ ഒന്ന് തൊട്ടാൽ തകരുന്ന കെട്ടിടങ്ങളിൽ ദില്ലിയിലെ ചെറിയ ജോലികൾ ചെയ്ത് ഉപജീവനം നയിക്കുന്നവരാണ് ഉള്ളത്. പലരും നഗരത്തിലെ ആക്രി സാധനങ്ങൾ പെറുക്കി ജീവിക്കുന്നവരാണ്. നിയമ പ്രകാരമുള്ള നോട്ടീസ് പോലും നൽകാതെയാണ് കൈയ്യേറ്റം ഒഴിപ്പിക്കലുണ്ടായതെന്ന് ഇവിടെയുള്ളവർ പറയുന്നത്. രണ്ട് മണിക്ക് നടത്തേണ്ട ഒഴിപ്പിക്കൽ കോടതി പരിഗണിച്ചേക്കുമെന്ന് കണ്ട് ഒൻപത് മണിക്ക് നടത്തിയെന്ന് അഭിഭാഷകൻ ദുഷ്യന്ത് ദവേ സുപ്രീംകോടതിയിലും ആരോപിച്ചു.
തൽസ്ഥിതി തുടരാനുള്ള സുപ്രീംകോടതി നിർദേശം ഉള്ളതിനാൽ ഇനി ഒഴിപ്പിക്കൽ നടപടി ഉണ്ടാകില്ലെന്ന് ദില്ലി പോലീസ് സ്പെഷ്യൽ കമ്മീഷണർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നു ദീപേന്ദ്ര പാഠക് പറഞ്ഞു. ഉത്തർപ്രദേശിലെ ബുൾഡോസർ കാഴ്ചകൾ രാജ്യതലസ്ഥാനത്തും ആവർത്തിക്കുമ്പോൾ ഭരണപക്ഷത്തിൻറെ വ്യക്തമായ ആസൂത്രണം സംശയിക്കുകയാണ് പ്രതിപക്ഷം. ഇടതുകക്ഷികൾ ഒഴികെയുള്ള പാർട്ടികൾ കരുതലോടെയാണ് പ്രതികരിക്കുന്നത്. കലാപകാരികളെ പ്രതിപക്ഷം സഹായിക്കുന്നു എന്ന വാദം ഉയർത്തി രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമം.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മുഴങ്ങിയ വാക്കായിരുന്നു ബുൾഡോസർ. യോഗി ആദിത്യനാഥ് തൻറെ ഭരണത്തിൻറെ പ്രതീകമായി ബുൾഡോസറിനെ ചിത്രീകരിച്ചു. ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ച യോഗി ആദിത്യനാഥ് ഒരു വിഭാഗത്തിനെതിരായ നടപടികളുടെ ചിഹ്നമായും ബുൾഡോസർ ഉപയോഗിച്ചു. യുപിയിലെ ബിജെപി വിജയം ബുൾഡോസർ രാഷ്ട്രീയം മറ്റിടങ്ങളിലും ആവർത്തിക്കാൻ ഇടയാക്കിയിരിക്കുന്നു. മധ്യപ്രദേശിലെ കർഗാവിൽ രാമനവമിക്കു ശേഷം സംഘർഷം ഉണ്ടായപ്പോഴും ബുൾഡോസർ ഉപയോഗിച്ചിരുന്നു. ശിവരാജ് സിംഗ് ചൗഹാൻ ഇതിനെ ന്യായീകരിച്ചു. ഇപ്പോൾ ദില്ലിയിൽ ഹനുമാൻ ജയന്തി ദിവസത്തെ സംഘർഷത്തിൻറെ പേരിലും ബുൾഡോസർ ആയുധമാകുമ്പോൾ, പ്രതിപക്ഷം ഒരു രാഷ്ട്രീയ പദ്ധതി ഭയക്കുന്നു. ബുൾഡോസറിനെ ഇന്ന് എതിർത്തവർ കലാപകാരികൾക്കൊപ്പമാണെന്ന പ്രചാരണം ബിജെപി തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കരുതലോടെ പ്രതികരണം നൽകുകയാണ് പ്രതിപക്ഷം.