മൂന്നാര്‍ : സുഹൃത്തായിരുന്ന യുവതിയുടെ നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. നല്ലതണ്ണി സ്വദേശി സന്തോഷിനെയാണ് മൂന്നാര്‍ പോലീസ് പിടികൂടിയത്. മൂന്നാര്‍ സ്വദേശിയായ ഇരുപതുകാരിയും സന്തോഷും മുൻപ് അടുപ്പത്തിലായിരുന്നു. ഈ സമയത്ത് വീഡിയോ കോൾ വിളിക്കുമ്പോൾ ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുത്തുവെച്ചിരുന്നു. കുറച്ചുമാസങ്ങൾക്ക് മുന്‍പ് ഇവര്‍ തമ്മിൽ തെറ്റി. പ്രണയബന്ധം അവസാനിപ്പിച്ചു.
തമിഴ്നാട്ടിലേക്ക് പഠിക്കാൻ പോയ യുവതി അവിടെ മറ്റൊരു യുവാവുമായി അടുത്തെന്നറിഞ്ഞതോടെ സന്തോഷ് പ്രതികാരം ചെയ്യുകയായിരുന്നു. നഗ്നചിത്രങ്ങൾ ആ യുവാവിനും യുവതിയുടെ ചില ബന്ധുക്കൾക്കും അയച്ചു കൊടുത്തു. ചിത്രങ്ങളും ചാറ്റുകളുമെല്ലാം ഇയാൾ ഫോണിൽ നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. സൈബര്‍ സംഘത്തിന്റെ സഹായത്തോടെ പോലീസ് എല്ലാം വീണ്ടെടുത്തു. സൈബര്‍ കുറ്റകൃത്രങ്ങൾ ഉൾപ്പടെയുള്ള വകുപ്പുകളാണ് സന്തോഷിനെതിരെ ചുമത്തിയിട്ടുള്ളത്. പിന്നീട് ദേവികുളം കോടതി ഇയാളെ റിമാൻഡ് ചെയ്തു.