മുംബൈ : മുപ്പത്തിനാലാം വയസില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ മികച്ച റെക്കോര്‍ഡുമായാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെ മടക്കം. 2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാല്യകാല ഹീറോ ബ്രയാന്‍ ലാറയ്ക്ക് കീഴിലാണ് പൊള്ളാര്‍ഡ് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. 123 ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറി അടക്കം 2706 റൺസും 55 വിക്കറ്റും കെയ്റോണ്‍ പൊള്ളാര്‍ഡ് നേടി. 101 ട്വന്‍റി 20യിൽ 1569 റൺസും 42 വിക്കറ്റുമാണ് സമ്പാദ്യം. യുവ്‌രാജ് സിംഗിന് ശേഷം അന്താരാഷ്ട്ര ട്വന്‍റി 20യിൽ ഒരോവറില്‍ 6 സിക്സര്‍ നേടിയ ബാറ്ററുമാണ് പൊള്ളാര്‍ഡ്. നായകനായി കാര്യമായ നേട്ടങ്ങള്‍ പൊള്ളാര്‍ഡിന് സ്വന്തമാക്കാനായില്ല. 24 ഏകദിനങ്ങളില്‍ 13 ജയവും 11 തോൽവിയുമാണ് നായകന്‍റെ തൊപ്പിക്കൊപ്പമുള്ളത്. 2019ൽ വിൻഡീസ് നായകനായ പൊള്ളാര്‍ഡിന് 39 ട്വന്‍റി 20യിൽ 13ൽ മാത്രമാണ് ജയം നേടാനായത്. പൊള്ളാര്‍ഡ് നയിച്ച 21 കളിയിൽ വിന്‍ഡീസ് തോറ്റു.
വെസ്റ്റ് ഇന്‍ഡീസ് ഏകദിന, ട്വന്‍റി 20 ടീമുകളുടെ നായകനായ കെയ്റോണ്‍ പൊള്ളാര്‍ഡ് ഇന്നലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാം വീഡീയോയിലൂടെയാണ് പൊള്ളാര്‍ഡ് തീരുമാനം പ്രഖ്യാപിച്ചത്. 15 വര്‍ഷത്തോളം രാജ്യത്തെ പ്രതിനിധീകരിച്ചതിൽ സന്തോഷമുണ്ട്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിക്കുന്നതെന്നും പൊള്ളാര്‍ഡ് പറഞ്ഞു. ഐപിഎല്ലിനായി ഇന്ത്യയിൽ ഉള്ളപ്പോളാണ് പൊള്ളാര്‍ഡിന്‍റെ വിരമിക്കൽ പ്രഖ്യാപനം. കെയ്റോണ്‍ പൊള്ളാര്‍ഡും വിന്‍ഡീസ് ടീമിലെ ചില സഹതാരങ്ങളും തമ്മിൽ ഭിന്നതയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരെ അടുത്ത മാസം അവസാനം ആണ് വിന്‍ഡീസിന്‍റെ അടുത്ത ഏകദിന പരമ്പര.