പത്തനംതിട്ട : പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിൽ ഗുരുതര ക്രമക്കേട്. പെൻഷൻ തുകകളിൽ വ്യാപക തിരിമറി നടന്നതായി കണ്ടെത്തൽ. ഭൂരിഭാഗത്തിനും പെൻഷൻ ലഭിച്ചില്ല. മൈലപ്ര ബാങ്ക് ക്രമക്കേടിൽ അന്വേഷണം വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ജില്ലയിൽ ഏറ്റവും അധികം നിക്ഷേപമുള്ള ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കുകളിലൊന്നാണ് മൈലപ്ര സർവീസ് സഹകരണ ബാങ്ക്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബാങ്കിന്റെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. ബാങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.
പ്രൈവറ്റ് കമ്പനി ആയി രജിസ്റ്റർ ചെയ്ത ബാങ്കിന്റെ അനുബന്ധ സ്ഥാപനം അമൃത ഗോതമ്പ് സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനത്തിന് കോടിക്കണക്കിന് രൂപ നൽകിയതാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ഫാക്ടറിയുടെ പ്രവർത്തനം നിർജീവമായതോടെ പ്രതിസന്ധി രൂക്ഷമായി. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി വേണമെന്ന് ജീവനക്കാർ പല തവണ ഭരണസമിതിയോട് പറഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ ജീവനക്കാര്‍ സമരം തുടങ്ങിയിരുന്നു.