മോസ്കോ: യുക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോളിനെ ‘സ്വതന്ത്രമാക്കിയതായി’ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനം. മരിയുപോൾ നഗരം പിടിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവിൽനിന്ന് റഷ്യൻ പ്രസിഡന്റിന് അറിയിപ്പു ലഭിച്ചു. നേരത്തേ യുക്രെയ്നിൽനിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്കും മരിയുപോൾ വഴി റഷ്യയ്ക്കു ബന്ധപ്പെടാൻ സാധിക്കും.
മരിയുപോളിലെ അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റിൽനിന്നും യുക്രെയ്ൻ സൈനികരെ തുരത്തിയതായി ഒരു ടിവി അഭിമുഖത്തിൽ മന്ത്രി റഷ്യൻ പ്രസിഡന്റ് പുട്ടിനോടു പറഞ്ഞു. വമ്പൻ പ്ലാന്റിന്റെ അകത്ത് ഇനി വെറും 2000 യുക്രെയ്ൻ സൈനികർ മാത്രമാണുള്ളത്. യുക്രെയ്ൻ പ്രതിരോധത്തിന്റെ അവസാന ഭാഗമാണിതെന്നും റഷ്യൻ മന്ത്രി പറഞ്ഞു. മരിയുപോളിനെ സ്വതന്ത്രമാക്കിയതു റഷ്യൻ സൈന്യത്തിന്റെ വിജയമാണെന്നു പുട്ടിൻ പ്രഖ്യാപിച്ചു.
റഷ്യൻ സൈനികര്‍ പ്ലാന്റിലേക്കു കടക്കേണ്ടതില്ലെന്നു പുട്ടിൻ പറഞ്ഞു. ഈ വ്യവസായ മേഖല അടച്ചുപൂട്ടണം. അവിടെനിന്ന് ഒരു ഈച്ച പോലും രക്ഷപെടരുതെന്നും പുട്ടിൻ പറഞ്ഞു. ഒരു മാസത്തിലേറെയായി മരിയുപോളിൽ തുടരുന്ന റഷ്യൻ ആക്രമണത്തിൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടെന്നാണു വിവരം.