പത്തനംതിട്ട : പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാൻ നോട്ടിസ്. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് നിർദേശം നൽകിയത്. ഏഴ് ദിവസത്തിനകം മറുപടി നൽകാനും നോട്ടിസിൽ നിർദേശിക്കുന്നു. സെക്രട്ടറിയെ പിരിച്ചുവിടാനുള്ള ഉത്തരവ് ബാങ്ക് അധികൃതർ പൂഴ്ത്തിയെന്ന ആരോപണം ഉയരുന്നുണ്ട്. ബാങ്കിൽ നിന്ന് കോടികൾ വായ്പ എടുത്തവരിൽ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടുന്നു. വായ്പാ കുടിശ്ശികയിൽ ഇരുവരും ഒരുരൂപ പോലും തിരിച്ചടച്ചില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജില്ലയിൽ ഏറ്റവും അധികം നിക്ഷേപമുള്ള ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കുകളിലൊന്നാണ് മൈലപ്ര സർവീസ് സഹകരണ ബാങ്ക്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബാങ്കിന്റെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. ബാങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. പ്രൈവറ്റ് കമ്പനി ആയി രജിസ്റ്റർ ചെയ്ത ബാങ്കിന്റെ അനുബന്ധ സ്ഥാപനം അമൃത ഗോതമ്പ് സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനത്തിന് കോടിക്കണക്കിന് രൂപ നൽകിയതാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ഫാക്ടറിയുടെ പ്രവർത്തനം നിർജീവമായതോടെ പ്രതിസന്ധി രൂക്ഷമായി. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി വേണമെന്ന് ജീവനക്കാർ പല തവണ ഭരണസമിതിയോട് പറഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ ജീവനക്കാര്‍ സമരം തുടങ്ങിയിരുന്നു.