കൊല്ലം : ഒരു പേരിൽ എന്തിരിക്കുന്നു ? കൊല്ലം സ്വദേശി വിനോയ് ജോസഫിനോടാണ് ഈ ചോദ്യമെങ്കിൽ ഒരു പേരിന് തന്റെ ജീവിതത്തിന്റെ വിലയുണ്ട് എന്നാകും മറുപടി. നാട്ടിലുണ്ടായ ഒരു മർദ്ദന കേസിലെ പ്രതിപ്പട്ടികയിലുള്ള ഒരാൾക്ക് തന്റെ പേരുമായി വന്ന സാമ്യത്തിന്റെ പേരിൽ പോലീസിൽ നിന്ന് മൂന്നു വർഷമായി ഭീഷണി നേരിടുകയാണ് ഈ തൊഴിലാളി. കൊല്ലം ചെറിയ വെളിനെല്ലൂർ നല്ലേപ്പറമ്പിൽ വീട്ടിൽ പരേതനായ ആന്റണി വർഗീസ് മകൻ വിനോയ് ജോസഫ്. കഴിഞ്ഞ മൂന്ന് വർഷമായി ഇദ്ദേഹത്തിന്റെ ഉറക്കം കളയുന്നത് കൊട്ടാരക്കര കോടതിയിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നെത്തുന്ന സമൻസ് കടലാസുകളാണ്. ബിനോയ് സൺ ഓഫ് കൊച്ചു ചെറുക്കൻ ചണ്ണപ്പറമ്പിൽ വീട് ചെറിയ വെളിനെല്ലൂർ എന്ന വിലാസമാണ് ഈ സമൻസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സമൻസിലെ മേൽവിലാസത്തിൽ പറയുന്ന ബിനോയ് താനല്ല എന്ന് വിനോയ് ജോസഫ് ലഭ്യമായ മേൽവിലാസ രേഖകളെല്ലാം വെച്ച് പോലീസിനോട് പറയുന്നുണ്ടെങ്കിലും ഇതൊന്നും കൂട്ടാക്കാതെ തന്നെ കേസിൽ പെടുത്താൻ പൂയപ്പള്ളി പോലീസ് ശ്രമിക്കുന്നെന്നാണ് വിനോയ് ജോസഫിന്റെ പരാതി.
2016 ൽ വിനോയ് ജോസഫിന്റെ വീടിനടുത്തുള്ള ഒരു യുവാവിനെ കുറേയാളുകൾ വളഞ്ഞിട്ട് മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റയാളെ പോലീസ് നിർദ്ദേശ പ്രകാരം ആശുപത്രിയിലെത്തിച്ചത് ഈ വിനോയ് ജോസഫാണ്. അതിനപ്പുറം വിനോയ് ജോസഫിന് കേസുമായി ഒരു ബന്ധവും ഇല്ലെന്ന് മർദ്ദനമേറ്റ യുവാവും കുടുംബവും തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ആ കേസിൽ ബിനോയ് എന്ന് ഒരു പ്രതിയുണ്ടെന്നും അത് ഈ നിൽക്കുന്ന വിനോയ് ജോസഫാണെന്നും സ്ഥാപിക്കാനാണ് പൂയപ്പള്ളി പോലീസ് ശ്രമിക്കുന്നത്.