തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കാനായി വരുമാനക്കണക്ക് മറച്ചുവെച്ച് കെഎസ്ഇബി. റെഗുലേറ്ററി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ 2,014 കോടി രൂപയുടെ കണക്കുകകളാണ് മറച്ചുവെച്ചത്. 2,852.58 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കമ്മിഷനെ ധരിപ്പിച്ചതായി രേഖകളുണ്ട. താരിഫ് നിരക്ക് വര്‍ധന ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് കോടികള്‍ പിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് നഷ്ടം പെരുപ്പിച്ച് കാണിച്ചതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. കമ്മിഷന് നല്‍കിയ കണക്കുകള്‍ അനുസരിച്ച് 15976.98 കോടിയുടെ വരുമാനമാണ് ബോര്‍ഡിനുണ്ടാകുക. ചെലവാകട്ടെ 18829.56 കോടിയും. 2852.58 കോടിയുടെ നഷ്ടം 2022-23 വര്‍ഷം ബോര്‍ഡിനുണ്ടാകുമെന്നാണ് കണക്ക്. ഇതസനുരിച്ച് ജനങ്ങളില്‍ നിന്നും യൂണിറ്റിന് 35 പൈസ മുതല്‍ 70 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ 2022-23 വര്‍ഷത്തേക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ ബജറ്റാണിത്. ഇതു ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചത് മാര്‍ച്ച് 14നാണ്.
ഇതനുസരിച്ച് 2022-23 വര്‍ഷം വൈദ്യുതി വില്‍ക്കുന്നതിലൂടെ മാത്രം 17529.14 കോടി രൂപയാണ് വരുമാനം. ജീവനക്കാരുടെ വായ്പയുടെ പലിശ, ബാങ്കുകളില്‍ നിന്നുള്ള പലിശ തുടങ്ങിയ ഒന്‍പത് ഇനങ്ങളിലൂടെ ആകെ വരുമാനം 18081.52 കോടിയായി ഉയരും. എന്നാല്‍ കമ്മിഷനില്‍ സമര്‍പ്പിച്ച കണക്കുകളില്‍ വരുമാനം 15976.98 കോടി മാത്രവും. അതായത് വരുമാനത്തില്‍ നിന്നും 2104 കോടി മറച്ചുവെച്ചു. ഇതിലൂടെ കൃത്രിമമായി നഷ്ടമുണ്ടാക്കിയശേഷമാണ് നിരക്ക വര്‍ധനയ്ക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ ദിവസം ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും 2021-22 വര്‍ഷത്തില്‍ 1400 കോടിയുടെ ലാഭമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ നഷ്ടത്തിലെന്നാണ് ബോര്‍ഡ് നല്‍കിയ കണക്ക്. 2022 വരെയുള്ള കണക്ക് കൂടിയാകുമ്പോള്‍ ലാഭം വീണ്ടും ഉയരും.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചിരുന്നു. വലിയ വര്‍ധന നിരക്കിലുണ്ടാകില്ല. പീക്ക് അവേഴ്സിലാകണം നിരക്ക് വര്‍ധനയെന്നാണ് സര്‍ക്കാര്‍ താല്‍പര്യമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. 141 മെഗാവാട്ടിന്റെ നാല് ജലവൈദ്യുത പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. കേരളത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ജലവൈദ്യുത പദ്ധതികള്‍ തന്നെ വേണമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ആരെങ്കിലും പരിസ്ഥിതി പ്രശ്നം പറയുമ്പോഴേക്കും പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വരികയാണ്. പുതിയ ജലവൈദ്യുത പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.