ചെന്നൈ: കോടനാട് എസ്റ്റേറ്റ് കൊള്ള, കൊലപാതക കേസിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ വിശ്വസ്തയുമായിരുന്ന വി കെ ശശികലയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. ചെന്നൈ ടി നഗറിലുള്ള ശശികലയുടെ വീട്ടിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ എന്തൊക്കെ സാധനങ്ങളും രേഖകളും ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്.
തമിഴ്നാട് പശ്ചിമമേഖലാ ഐജി ആർ.സുധാകർ, നീലഗിരി എസ്പി ആശിഷ് റാവത്ത്, എഡിഎസ്പി കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ അഞ്ചര മണിക്കൂർ വി.കെ.ശശികലയെ ചോദ്യം ചെയ്തിരുന്നു. 100 ചോദ്യങ്ങളാണ് അന്വേഷണ സംഘം തയ്യാറാക്കിയതെന്നാണ് വിവരം. ശശികലയുടെ പ്രായം പരിഗണിച്ച് സാവധാനമാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ എന്തെല്ലാം രേഖകളും വസ്തുക്കളുമാണ് സൂക്ഷിച്ചിരുന്നത്? എന്നാണ് അവസാനമായി അവിടെ പോയത്? കവർച്ചയുടെ വിവരം ആരാണ് വിളിച്ചറിയിച്ചത്? ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ജയലളിതയുടെ ഡ്രൈവറും പ്രധാന പ്രതിയുമായിരുന്ന കനകരാജിനെക്കുറിച്ച് എന്തെല്ലാം അറിയാം? തുടങ്ങിയ വിവരങ്ങളാണ് അന്വേഷണസംഘം ചോദിച്ചറിയുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അഭിഭാഷകനായ രാജസെന്തൂർ പാണ്ഡ്യനും ചോദ്യം ചെയ്യൽ സമയത്ത് ശശികലയ്ക്ക് ഒപ്പമുണ്ട്. എല്ലാ മറുപടികളും പൊലീസ് വീഡിയോയിൽ രേഖപ്പെടുത്തുന്നുണ്ട്. ചോദ്യം ചെയ്യലുമായി ശശികല പൂർണമായും സഹകരിക്കുന്നു എന്നാണ് വിവരം.
2017 ഏപ്രിൽ 24നാണ് ജയലളിതയുടേയും ശശികലയുടേയും ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കാവൽക്കാരനെ വധിച്ചതിന് ശേഷം പന്ത്രണ്ടംഗ സംഘം കൊള്ളയടിച്ചത്. ഈ സമയത്ത് ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരുവിൽ ജയിലിലായിരുന്നു. മുഖ്യ പ്രതിയായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജിന്‍റെ രാഷ്ട്രീയ ബന്ധങ്ങൾ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എസ്റ്റേറ്റ് ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന ചില രഹസ്യരേഖകൾ കൈക്കലാക്കാൻ പാർട്ടിയിലെ പ്രമുഖർ കനകരാജിനെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്നായിരുന്നു ആരോപണം. കനകരാജും മറ്റൊരു പ്രതിയും മലയാളിയുമായ കെ.വി.സയിനിന്‍റെ ഭാര്യയും മകളും കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനുമടക്കം നാല് പേർ കൊള്ളയ്ക്ക് ശേഷം ദുരൂഹസാഹചര്യത്തിൽ മരിച്ചതും അന്വേഷണ പരിധിയിലുണ്ട്. പാർട്ടിയിലെ ഉന്നതർക്കെതിരായി ശശികല മൊഴി നൽകിയാൽ അണ്ണാ ഡിഎംകെ രാഷ്ട്രീയത്തിൽ വീണ്ടും പൊട്ടിത്തെറികളുണ്ടാകും. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും പിന്നീട് എല്ലാം ജനങ്ങളോട് തുറന്നുപറയുമെന്നുമാണ് ശശികലയുടെ പ്രതികരണം.