ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിതരണവും പ്രവർത്തനങ്ങളും സംബന്ധിച്ച് പുതിയ നിർദേശങ്ങൾ കൊണ്ടുവന്ന് റിസർവ് ബാങ്ക്. ക്രെഡിറ്റ് കാർഡുകൾക്കു മുകളിൽ ബാങ്കുകൾ നടത്തുന്ന കൊള്ള തടയാൻ ആർബിഐയുടെ ഈ പുതിയ നിർദേശങ്ങൾക്ക് കഴിയും. ഉപയോക്താവിന് ആവശ്യമില്ലാതെ ക്രെഡിറ്റ് കാർഡുകൾ അടിച്ചേല്പിക്കാനോ ചാർജുകൾ ഈടാക്കാനോ ബാങ്കുകൾക്ക് സാധിക്കില്ല. കുടിശിക അടച്ചു തീർത്തിട്ടും കാർഡ് ക്ലോസ് ചെയ്യാതെ ചാർജ് ഈടാക്കുന്ന രീതിയും ഇനി ഉണ്ടാവില്ല. ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ രാജ്യത്തെ എല്ലാ ഷെഡ്യൂൾഡ് ബാങ്കുകൾക്കും സംസ്ഥാന സഹകരണ ബാങ്കുകൾക്കും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾക്കും എല്ലാ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്കും (NBFCs) ബാധകമാകും. നിർദ്ദേശങ്ങൾ അനുസരിച്ച് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് കാലതാമസം ഉണ്ടായാൽ ബാങ്ക് കാർഡ് ഉടമയ്ക്ക് പിഴ നൽകേണ്ടതായും വരും.
ക്രെഡിറ്റ് കാർഡ് ഉടമ അറിഞ്ഞിരിക്കേണ്ട ആർബിഐയുടെ പുതിയ നിർദേശങ്ങൾ
1) കാർഡ് ഉടമ എല്ലാ കുടിശ്ശികയും അടച്ചശേഷം ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിനായി അഭ്യർത്ഥിച്ചു കഴിഞ്ഞാൽ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ഈ അഭ്യർത്ഥനയിൽ നടപടി സ്വീകരിക്കണം
2) അപേക്ഷ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ബാങ്കിന് സാധിച്ചില്ലെങ്കിൽ ബാങ്ക്, കാർഡ് ഉടമയ്ക്ക് പിഴ നൽകേണ്ടതാണ്. പ്രതിദിനം 500 രൂപയാണ് പിഴ.
3) ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് കാർഡ് ഉടമയെ ഇമെയിൽ, എസ്എംഎസ് മുതലായവ മുഖേന അറിയിക്കേണ്ടതാണ്.
4) ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കുകൾ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി വിവിധ മാർഗങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്.
5) ഇ-മെയിൽ-ഐഡി, ഹെൽപ്പ്‌ലൈൻ, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (IVR), ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ-ആപ്പ് എന്നിങ്ങനെയുള്ള വഴികൾ കാർഡ് ഉടമയ്ക്ക് ഉപയോഗിക്കാൻ സാധിക്കണം.
6) തപാൽ മുഖേനയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ അപേക്ഷ അയയ്‌ക്കാൻ കാർഡ് ഉടമയെ കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് നിർബന്ധിക്കരുത്.
7) കാർഡ് ഉടമ ഒരു വർഷത്തിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചില്ലെങ്കിൽ , ബാങ്കിന് കാർഡ് ഉടമയെ അറിയിച്ചതിന് ശേഷം ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടി ആരംഭിക്കാവുന്നതാണ്.
8) 30 ദിവസത്തിനുള്ളിൽ കാർഡ് ഉടമയിൽ നിന്ന് മറുപടി ലഭിച്ചില്ലെങ്കിൽ ബാങ്കിന് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടികൾ ആരംഭിക്കാം.
9) കാർഡ് നൽകിയ ചെയ്ത ബാങ്ക് 30 ദിവസത്തിനുള്ളിൽ കാർഡ് ക്ലോസ് ചെയ്ത വിവരം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയെ അറിയിക്കുകയും വേണം.
10) ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷം, ഏതെങ്കിലും ക്രെഡിറ്റ് ബാലൻസ് ഉണ്ടെങ്കിൽ അത് കാർഡ് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം.