തിരുവനന്തപുരം: കോര്‍പറേറ്റുകളും മനുവാദികളും നയിക്കുന്ന ഭരണകൂടം ആയതിനാലാണ് ഫാസിസ്റ്റ് അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാര്‍ക്കുമേല്‍ ഉരുളുന്നതെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഏജീസ് ഓഫീസ് എന്‍ജിഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍ ബി ത്രിവിക്രമന്‍ പിള്ളയെയും സഹപ്രവര്‍ത്തകരെയും പിരിച്ചുവിട്ടതിന്റെ 50–ാം വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിവിക്രമന്‍ പിള്ളയെയും സഹപ്രവര്‍ത്തകരെയും കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് അന്ന് പിരിച്ചുവിട്ടത്. ജീവനക്കാരും തൊഴിലാളികളും നിരന്തര പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത അവകാശങ്ങളും നിയമസംരക്ഷണവും ഒന്നൊന്നായി പൊളിച്ചടുക്കാനാണ് 50 വര്‍ഷത്തിനിപ്പുറം കേന്ദ്ര ഭരണക്കാര്‍ ശ്രമിക്കുന്നത്. തൊഴിലാളികള്‍ക്കും പണിയെടുക്കുന്നവര്‍ക്കും നേരെ യുദ്ധം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ എല്‍ ആര്‍ പോറ്റി അധ്യക്ഷനായി. ത്രിവിക്രമന്‍ പിള്ളയ്ക്കൊപ്പം പിരിച്ചുവിട്ട പി ടി തോമസ്, എം ഗംഗാധരക്കുറുപ്പ്, കെ ടി തോമസ്, ജോര്‍ജ് വര്‍ഗീസ് കോട്ടപ്പുറം എന്നിവരെയും സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡിന് അര്‍ഹനായ കെപിഎസി മംഗളനെയും ചടങ്ങില്‍ ആദരിച്ചു. മുന്‍ മന്ത്രി സി ദിവാകരന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍, എ ഗോകുലേന്ദ്രന്‍, ആര്‍ കൃഷ്ണകുമാര്‍, വി ശാന്തകുമാര്‍, പി ശ്രീകുമാര്‍, മുഹമ്മദ് മാഹീന്‍, എസ് എസ് പോറ്റി, പട്ടം വാമദേവന്‍, ആര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.