തിരുവനന്തപുരം : മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും പ്രത്യേക സംയുക്ത യോഗം ഇന്ന് മലപ്പുറത്ത് ചേരും. സംഘടനാ വിഷയങ്ങളാണ് മുഖ്യഅജണ്ട എങ്കിലും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണവും യോഗത്തില്‍ ചര്‍ച്ചയായേക്കും. ഇടതു മുന്നണിയിലേക്കുള്ള ഇപി ജയരാജന്റെ ക്ഷണം കുരുക്കാണെന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ്. ഒരേ സമയം യുഡിഎഫിന് അകത്തും പാര്‍ട്ടി അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് നേതൃത്വം കരുതുന്നത്. യു ഡി എഫില്‍ ഉറച്ചു നില്‍ക്കുമെന്ന തീരുമാനം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ മുനയൊടിക്കാനായിരിക്കും ലീഗ് നീക്കം. തെരഞ്ഞെടുപ്പ് പരാജയത്തിലെ അച്ചടക്ക നടപടികള്‍ റമദാനിനു ശേഷമുള്ള പ്രവര്‍ത്തക സമിതിയില്‍ തീരുമാനിക്കാനാണ് സാധ്യത. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ ജില്ലാ നിരീക്ഷകന്മാരും യോഗത്തില്‍ പങ്കെടുക്കും.
മുസ്ലീം ലീഗുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതോടെ ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ പി ജയരാജന് ആവര്‍ത്തിച്ച് വിശദീകരിക്കേണ്ടി വന്നിരുന്നു. ലീഗ് ഇല്ലാതെയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയതും തുടര്‍ഭരണം നേടിയതുമെന്നും എല്‍ഡിഫ് കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.